
ക്വലാലംപുര്‍: 2016 ലെ വിശ്വസുന്ദരി മത്സരത്തില്‍ മലേഷ്യയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ വംശജ. കിരണ്‍മീത് കൗര്‍ ബല്‍ജീത് സിംങ് ജസലെന്ന സിഖ് വംശജയാണു മനിലയില്‍ നടക്കുന്ന മത്സരത്തില്‍ മലേഷ്യയ്ക്കായി വേദിയിലെത്തുന്നത്. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ ദന്തവൈദ്യ വിദ്യാര്‍ഥിനിയാണു കിരണ്‍.
കിരണിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍നിന്നു മലേഷ്യയിലേക്ക് കുടിയേറിയതാണ്. അമ്മ രഞ്ജിത്ത് കൗര്‍ 2015 ല്‍ ക്ലാസിക്ക് മിസിസ് മലേഷ്യയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹോദരി മെഡിക്കല്‍ ഗ്രജ്വേറ്റായ രണ്മീത് മോഡലിങ്ങിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഈമാസം 20 ന് ഫിലിപ്പീന്‍സിലെ മനിലയിലാണ് 2016 വിശ്വസുന്ദരി മത്സരത്തിന്റെ ഫൈനല്‍.