
ഇസ്ലാമാബാദ്: പാകിസ്താനെ പൊളിച്ചടുക്കാനൊരുങ്ങി സൈനിക മേധാവി. പഞ്ചാബ്, സിന്ധ്, ഖൈബര് പഖ്തൂണ്ഖ്വ, ബലൂചിസ്താന് എന്നീ പ്രവിശ്യകളെ വിഭജിച്ച് 12 മുതല് 15 വരെ പുതിയ പ്രവിശ്യകളോ 160 ചെറിയ ഭരണപ്രദേശങ്ങളോ ആക്കിമാറ്റാനാണ് പദ്ധതി. രാജ്യത്തിന്റെ 'ഭരണാധികാര ഘടന'യെത്തന്നെ പൊളിച്ചെഴുതാന് സൈനിക മേധാവി ഫീല്ഡ് മാര്ഷല് അസിം മുനീറൊരുങ്ങുന്നതായാണ് റിപ്പോര്ട്ട്. നിലവിലുള്ള നാല് പ്രവിശ്യകളെ ഭിന്നിപ്പിക്കുന്നതുവഴി പ്രാദേശിക രാഷ്ട്രീയ ശക്തികേന്ദ്രങ്ങളെ ദുര്ബലപ്പെടുത്താനും സൈന്യത്തിന് മേല്ക്കോയ്മ നേടാനും സാധിക്കും.
ജനസംഖ്യയിലും വിസ്തൃതിയിലും നിലവിലെ നാല് പ്രവിശ്യകളുംതമ്മില് വലിയ അന്തരമുണ്ടെന്നത് വിഭജനത്തിന് ന്യായമായ കാരണമായി ഉയര്ത്തുന്നു. പാകിസ്താനിലെ പകുതിയിലധികംവരുന്ന 12.8 കോടി ജനങ്ങളും അധിവസിക്കുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ ഗ്രാമീണര്ക്ക് പ്രാഥമിക സര്ക്കാര് സേവനങ്ങള്പോലും ലഭിക്കാന് മണിക്കൂറുകള് സഞ്ചരിക്കേണ്ടിവരുന്നു. പഞ്ചാബിലെ നാലിലൊന്നുപേര്ക്കും ശുദ്ധമായ കുടിവെള്ളവും ലഭ്യമല്ല. ഭൂവിസ്തൃതിയില് ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താനില് ഒന്നരക്കോടി ആളുകള്മാത്രമാണുള്ളത്.
വലിയ പ്രവിശ്യകളില് ശരിയായ ഭരണം സാധ്യമാവാത്തതാണ് രാജ്യത്തിന്റെ പ്രതിസന്ധികള്ക്ക് കാരണമെന്ന്് അസിം മുനീര് വാദിക്കുന്നു. പഞ്ചാബില് ഷരീഫ് കുടുംബം നയിക്കുന്ന മുസ്ലിം ലീഗിനും സിന്ധില് 'ഭുട്ടോ'മാര് നേതൃത്വം നല്കുന്ന പി.പി.പിക്കുമാണ് സ്വാധീനം. സൈനിക ഭരണകാലത്തുപോലും കേന്ദ്രത്തിന് ബദലായി നില്ക്കാന് ഈ വലിയ പ്രവിശ്യകള്ക്ക് കഴിഞ്ഞിരുന്നു. വിഭജിക്കുന്നതിലൂടെ ഈ രാഷ്ട്രീയശക്തി ദുര്ബലപ്പെടുത്താനും എളുപ്പത്തില് ഇവരെ നിയന്ത്രിക്കാനും കഴിയുമെന്നാണ് സൈനിക നേതൃത്വത്തിന്റെ കണക്കുകൂട്ടല്.
അതേസമയം, പ്രവിശ്യാ വിഭജന ചര്ച്ചകള് പുരോഗമിക്കുമ്പോഴും ഒന്നും അറിയാത്ത അവസ്ഥയിലാണ് ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള 'ജനാധിപത്യ' സര്ക്കാര്. പാകിസ്താന്റെ രാഷ്ട്രീയ നേതൃത്വത്തോടോ പാര്ലമെന്റിലോ ആലോചിക്കാതെയാണ് 'മക്ക കരാറി'ന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് അധിക സൈന്യത്തെ വേഗത്തില് അയക്കാന് പാക് സൈനിക മേധാവി ഫീല്ഡ് മാര്ഷല് അസിം മുനീര് തീരുമാനിച്ചതെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് പുതിയ നീക്കം.


Comments