
റിയാദ്: സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിനെതിരേ വിമാനക്കമ്പനികള്ക്കും യാത്രക്കാര്ക്കും യെമനിലെ ഇറാന് പിന്തുണയുള്ള സായുധസംഘമായ ഹൂതികളുടെ മുന്നറിയിപ്പ്. പിന്നാലെ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരേ ആക്രമണം. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില് 13 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണു പുതിയ സംഭവവികാസം. മരിച്ചവരില് ഒരാള് ഇന്ത്യക്കാരനാണ്.
ഇന്നലെ വിമാനത്താവളത്തിലെ പാസഞ്ചര് ടെര്മിനലിനു നേരേയാണ് ആക്രമണമുണ്ടായത്. അജ്ഞാത ആയുധം പതിച്ച് ടെര്മിനലില് തീപിടിത്തമുണ്ടായതായാണു വിവരം. വിമാനത്താവളം ലക്ഷ്യമിട്ട ഒരു മിസൈല് തകര്ത്തതായി സൗദി സേന അറിയിച്ചു.
കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില് ശനിയാഴ്ച 13 പേരുടെ മരണത്തില് കലാശിച്ച ആക്രമണത്തില് 300-ലധികം പേര്ക്കാണ് പരുക്കേറ്റത്. ഇവരില് 10 ഇന്ത്യക്കാരുമുണ്ട്. ആക്രമണാനന്തര ദൃശ്യങ്ങള് വീഡിയോയില് വ്യക്തമാണ്. വിമാനത്താവള ടെര്മിനലിനു മുകളില് പുക ഉയരുന്നതിന്റെയും ഉള്ളില് വ്യാപകമായ നാശനഷ്ടങ്ങള് സംഭവിച്ചതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫെബ്രുവരിയില് ഇസ്രയേല്, അമേരിക്ക- ഇറാന് സംഘര്ഷം ആരംഭിച്ചതിനു ശേഷം ഗള്ഫ് അറബ് രാജ്യത്തിനു നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു റിയാദിലേത്.
നാല് സൗദി പൗരന്മാര്, രണ്ട് ബംാദേശ് സ്വദേശികള്, യു.എസ്, ജോര്ദാന്, പലസ്തീന്, സിറിയ, സുഡാന്, ഈജിപ്ത് എന്നിവിടങ്ങളില് നിന്നുള്ള ഓരോരുത്തര് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൗദി സിവില് ഏവിയേഷന് അതോറിറ്റി സ്ഥിരീകരിച്ചു. പരുക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണ്.
ആക്രമണത്തെ 'യുദ്ധക്കുറ്റം' എന്ന് വിശേഷിപ്പിച്ച സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം, യെമനിലെ ഹൂതികള്ക്കെതിരേ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണങ്ങള്ക്ക് പിന്നില് തങ്ങളാണെന്ന് ഹൂതികള് വ്യക്തമാക്കിയിരുന്നു.
സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിനെതിരായ മുന്നറിയിപ്പ് ആവര്ത്തിക്കുന്നതായി ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സരീ പ്രസ്താവിച്ചു. 'അവ ഞങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളാണ്'. പക്ഷേ, മക്കയും മദീനയും ലക്ഷ്യമല്ലെന്നും സരീ പറഞ്ഞു.
അതിനിടെ ഹൂതികളുടെ ശക്തികേന്ദ്രങ്ങളില് ആക്രമണം കടുപ്പിച്ചായി യെമന് സര്ക്കാര് സേനഅറിയിച്ചു. ടയിസ് പട്ടണത്തിലെ എട്ടോളം ഹൂതി കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സനാ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ട് സൗദി ആക്രമണം നടത്തിയതായി റിപ്പോര്ട്ടുണ്ട്.
പോരാട്ടത്തില് സൗദിക്കൊപ്പം: ട്രംപ്
ഹൂതികള്ക്കെതിരായ ആക്രമണങ്ങളില് സൗദി അറേബ്യയ്ക്കൊപ്പം അണിചേര്ന്നേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്. ഞങ്ങള് ആ സാധ്യത പരിശോധിക്കാന് പോകുകയാണ്. ഏറ്റവുമൊടുവിലത്തെ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതേയുള്ളൂ. ഞങ്ങള് ഒരു തീരുമാനമെടുക്കും.- ട്രംപ് പറഞ്ഞു.
സൗദിക്ക് യു.കെയും കൂടുതല് പിന്തുണ നല്കിയേക്കുമെന്ന് യു.കെ. പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സൂചിപ്പിച്ചു. ഖത്തര്, ഈജിപ്ത്, ഒമാന്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള് സൗദിയിലെ ആക്രമണത്തെ അപലപിച്ചു.


Comments