
മൂവാറ്റുപുഴ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റ പണിയില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കരാറുകാരന് ആറ് വര്‍ഷം കഠിന തടവും 5.1 ലക്ഷം രൂപ പിഴയും. കോതമംഗലം കൈതക്കുഴി കൊയിലക്കുടിയില് സണ്ണി പോളിനെയാണു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി. രാജു ശിക്ഷിച്ചത്.
2007 ലാണ് കേസിന് ആസ്പദമായ സംഭവം. ഇടുക്കി ജില്ലയില്‍ ചിത്തിരപുപുരം പി.എച്ച്.സിയില്‍ നടത്തിയ അറ്റകുറ്റ പണിയില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ഇടുക്കി വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷ. കരാറുകാരന് സണ്ണി പോള്‍, ഫ്രാന്‍സീസ് എബ്രോ, അടിമാലി ബ്ലാക്ക് പഞ്ചായത്ത് മുന്‍ എന്‍ജിനീയര്‍ കെ. സുധാകരന്, അടിമാലി ബ്ലാക്ക് പഞ്ചായത്ത് മുന്‍ ബി.ഡി.ഒ. ജോസഫ് മാത്യു എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി ആയിരുന്നു അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ടും നാലും പ്രതികള്‍ വിചാരണ വേളയില്‍ മരിച്ചു. മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. നാലു പ്രവൃത്തികളിലായി 2,56,925 രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് കേസ്. നിര്‍മാണത്തിനായി 1604 കിലോഗ്രാം കമ്പി ഉപയോഗിച്ചുവെന്ന് കരാറുകാര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പരിശോധനയില്‍ കണ്ടെത്താനായത് കേവലം 204.19 കിലോഗ്രാം മാത്രമാണ്. നിര്‍മാണത്തിന്റെ പേരില്‍ 4.73 ലക്ഷം രൂപ ഇവര്‍ ബില്ല് മാറിയെടുത്തു. എന്നാല്‍ അത്രയും തുകയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി.
ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ പ്ലാസ്റ്റര്‍ മാത്രം ചെയ്ത് കോണ്‍ക്രീറ്റ് നടത്തുക ആയിരുന്നു. ഷട്ടറുകള്‍ ആവശ്യത്തിനു പിടിപ്പിക്കുകയോ വാതിലുകളും കഴുക്കോലുകളും വേണ്ടത്ര സ്ഥാപിക്കുകയോ ചെയ്തിട്ടില്ലന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് എസ്.പി. അലക്സ് എം. വര്‍ക്കി, ഡിവൈ.എസ്.പി. ജോണ്സണ് ജോസഫ്, ഉദ്യോഗസ്ഥരായ കെ.വി. ജോസഫ്, വി. വിജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ. സരിത കോടതിയില്‍ ഹാജരായി.






