
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചലച്ചിത്ര താരം അലന്‍സിയര്‍. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മേല്‍വസ്ത്രമഴിച്ച് കാസര്‍കോഡ് ബസ് സ്റ്റാന്‍ഡിലൂടെ കിലുക്കാം പെട്ടിയും കൊട്ടി പീപ്പിയും ഊതിയായിരുന്നു പ്രതിഷേധം നടത്തിയത്. പത്ത് മിനിട്ട് പ്രതിഷേധം നീണ്ടു നിന്നു.
ഓരോ ബസ്സിലും കയറി അമേരിക്കയിലേക്ക് പോകുന്നതിന് ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് അലന്‍സി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. പേര് നോക്കിയാണ് വിദേശരാജ്യത്തേക്ക് അയക്കുന്നത് എങ്കില്‍ തന്നെ അമേരിക്കയിലേക്ക് അയക്കുമൊ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇതിനിടെ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രിയപ്പെട്ട് താരത്തിനൊപ്പം കൂടി.
സ്വന്തം രാജ്യത്ത് ജനിച്ച ഇവിടെത്തന്നെ ജീവിക്കാനതിനുള്ള പ്രതിരോധമാണ് ഇത്തരം പ്രതിഷേധത്തിലൂടെ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയനായ അലന്‍സിയര്‍ ദിലീഷ് പോത്തന് ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് ഇവിടെ എത്തിയത്.






