ഫാന്‍സിന്റെ അതിപ്രസരത്തില്‍ മുങ്ങി ആരവങ്ങളും ആഘോഷങ്ങളുമായി നിറഞ്ഞുനില്ക്കുന്ന തിയ്യറ്ററില്‍ ടിക്കറ്റിനായി നെട്ടോട്ടമോടുന്നവര്‍ മുഴുവന്‍ അന്വേഷിച്ചത് ഒരേ മുഖം... യൂസഫ്... കയ്യില്‍ പത്ത് പതിനഞ്ചോളം ടിക്കറ്റുകളുമായി തിയ്യറ്ററിന്റെ ഒരു മൂലയില്‍ യൂസഫ്...
ആരോടും ടിക്കറ്റ് വേണോ എന്ന് ചോദിക്കുന്നില്ല. അറിയുന്നവര്‍ യൂസഫിനെ തിരക്കിവരുന്നു. യൂസഫ് എവിടെ നില്‍ക്കുമെന്ന് പതിവുകാര്ക്കറിയാം. 90 രൂപ ടിക്കറ്റിന് അങ്ങേയറ്റം 150 രൂപ റിലീസ് ദിനത്തില്‍പോലും വാങ്ങുന്നു യൂസഫ്. കുടുംബമായി എത്തുന്നവര്‍ക്കും ക്യൂ നില്ക്കാന് വൈമനസ്യമുള്ളവര്‍ക്കും ഒരു അനുഗ്രഹമാണ്
മെലിഞ്ഞ ശരീരം. ശാരീരികമായ അവശതയുള്ളതുകൊണ്ട് കൂലിപ്പണി ചെയ്യാനുള്ള അസൗകര്യം താല്പര്യമില്ലെങ്കിലും... വീട്ടിലെ ഒരു പെണ്‍കുഞ്ഞിന്റെ വിശന്നുകരയുന്ന വയറും ഭാര്യയുടെ കണ്ണിലെ ധൈന്യതയും യൂസഫിനെ കോഴിക്കോടിന്റെ തിയ്യറ്റര്‍ മുറ്റങ്ങളില്‍ ഒരു ബ്ലാക്ക് ടിക്കറ്റ് വില്പനക്കാരനാക്കി.
ജീവിക്കാന്‍... മൂന്ന് വയര്‍ കഴിയാനുള്ള ഒരു തുക... അത്രയേ യൂസഫിന് വേണ്ടൂ... ചതിയും വഞ്ചനയുമില്ല... അമിത ലാഭമില്ല. സിനിമാപ്രേമികള്‍ക്ക് യൂസഫ് അങ്ങനെ പ്രിയപ്പെട്ടവനായി.
ഗുണ്ടായിസത്തിലൂടെയും ശാരീരിക ബലത്തിലൂടെയും ടിക്കറ്റ് കൈവശപ്പെടുത്തി ദിവസം 2000-വും അതിലപ്പുറവും ഉണ്ടാക്കി ബാറുകളിലേക്ക് ചേക്കേറുന്ന ടിക്കറ്റ് മാഫിയയ്ക്ക് മുന്നില്‍ വിശപ്പിന്റെ വിളിയകറ്റാന്‍ വേണ്ടിമാത്രം യൂസഫും മാഫിയയല്ലാത്തൊരു മാഫിയയായി... ഒറ്റയാന് മാഫിയ.
ഇതറിഞ്ഞ് തന്നെ തിയ്യറ്റര്‍ ജീവനക്കാര്‍ മനസ്സറിഞ്ഞ് യൂസഫിനെ സഹായിച്ചു.
ഷോയ്ക്ക് മുമ്പ് രഹസ്യമായി അവര്‍ ടിക്കറ്റ് സംഘടിപ്പിച്ച് യൂസഫിന് കൊടുത്തുപോന്നു.
യൂസഫിനെ അറിയാവുന്ന ചിലര്‍ യൂസഫ് ചോദിച്ചതിലും കൂടുതല്‍ കൊടുത്തുപോന്നു. എങ്കിലും മറ്റുള്ളവര്‍ വാങ്ങുന്നതിലും എത്രയോ കുറവായിരുന്നു ആ തുക.
യൂസഫിന്റെ മകള്‍ വയസ്സറിയിച്ചു. ഓരോ റിലീസും യൂസഫിന് സമ്മര്ദ്ദങ്ങളുടേതായി. സമ്പാദ്യം ഇതുവരെയില്ല.
അന്നന്നത്തേടം കഴിഞ്ഞ വയറുകള്‍ അരവയര്‍ നിറച്ച് ചില്ലറ ശേഖരിക്കാന്‍ തുടങ്ങി. ഒരു വിധത്തില്‍ ഒത്തുവരുന്ന തുക ഒരു ആശുപത്രി വിഷയം വരുന്നതോടെ കഴിയാവുന്ന അവസ്ഥ.
യൂസഫിന്റെ തലമുടി നരച്ചുതുടങ്ങി. കണ്ണുകള്‍ കുഴിഞ്ഞു. നെറ്റിയിലും കവിളിലും വരകള്‍ വീണു.
പതിവുകള്‍ അപ്പോഴും യൂസഫിനെ മറന്നില്ല. കാലം മാറിയതോടെ തിയ്യറ്ററുകള്‍ പുതിയ മേലങ്കി അണിഞ്ഞു. മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് സ്ഥാനമില്ലാതെയായി. യൂസഫും മറ്റെല്ലാവരും പടിക്ക് പുറത്തായി.
ചെറുപ്പത്തില്‍ കടന്നുകൂടിയ തിയ്യറ്ററുകളില്‍ ആത്മാവിനെ പ്രതിഷ്ഠിച്ച യൂസഫിന് മറ്റൊരു ലോകം ചിന്തിക്കാനാവാതെയായി. മകള്‍ വിവാഹ പ്രായത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയ വേദന എല്ലാവരെയും പോലെ യൂസഫിനെയും ഗ്രഹിച്ചു.
വീണ്ടും ടിക്കറ്റുമായി യൂസഫെത്തി. കോലം മാറിയ പഴയ തിയ്യറ്റിന് മുമ്പില്‍ കാലം മാറിയ യൂസഫ്. ഇത്തവണ സിനിമാ ടിക്കറ്റല്ല ലോട്ടറി ടിക്കറ്റാണ് യൂസഫിന്റെ ആയുധം. പതിവുകാര് പലരും യൂസഫിനെ തേടിയെത്തി. ഫാമിലിയുണ്ട്... യൂസഫ് കൈമലര്‍ത്തി ടിക്കറ്റുണ്ട്, സിനിമയുടേതല്ല.
ചിലര്‍ സഹായിച്ചു. ചിലര്‍ കൈമലര്‍ത്തി. ചിലര്‍ യൂസഫിനോട് ചോദിച്ചു, യൂസഫേ ഇത് ബ്ലാക്കാണോ. അല്ല ഇത് ഒറിജിനലാ സര്‍ക്കാരിന്റെ. പതിയെ പതിയെ യൂസഫിന്റെ കച്ചവടം കൂടി. നല്ല കമ്മീഷന് നാട്ടിലൊരു മാന്യത.
പോലീസിനെ പേടിക്കണ്ട. ഇടയ്ക്കിടെ അടിക്കുന്ന ചെറിയ സമ്മാനങ്ങള്‍ക്ക് മാന്യമായ കമ്മീഷന്. ചിലര്‍ അറിഞ്ഞ് നല്കുന്ന തുകകള്‍.
യൂസഫിന്റെ സമ്പാദ്യപ്പെട്ടിയില്‍ പതിയെ തുകകള്‍ കൂടിവന്നു.
ഒരു ടിക്കറ്റും യൂസഫ് മാറ്റിവയ്ക്കില്ല. സ്വന്തമായൊരു സമ്മാനം യൂസഫ് പ്രതീക്ഷിക്കുന്നതുമില്ല. ആഗ്രഹിക്കുന്നതുമില്ല.
നല്ലൊരു ബംബര്‍ തന്റെ ടിക്കറ്റിന്റെ ആര്‍ക്കെങ്കിലും ഒന്നാം സമ്മാനം അടിക്കണം.
അതിന്റെ കമ്മീഷന്. പിന്നെ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ആ സമ്മാനം അടിക്കുന്നുവെങ്കില് മകളെ വിവാഹം കഴിപ്പിക്കാന്‍ അടിക്കുന്ന അവരുടെ ഒരു സഹായം. അത് മാത്രമാണ് ലക്ഷ്യം.
നരവീണ് തുടങ്ങിയ കാലത്തിന് മുമ്പ് ഈ ബുദ്ധി തോന്നാത്തതില്‍ യൂസഫിന് ഇടയ്ക്കിടെ കുറ്റബോധം തോന്നാം. കാലം അങ്ങനെയാണല്ലോ. കറങ്ങിത്തിരിഞ്ഞ് കാണില്ല. ഇനി കാണുന്നത് ശരിയായ ദിശയിലാണോ.
മകളുടെ നിക്കാഹിന്റെ മുഹൂര്‍ത്തം സ്വപ്നം കണ്ട് കാലചക്രത്തേക്കാള് വേഗത്തില്‍ പോകണമെന്ന വാശിയില്‍ യൂസഫിന്റെ സൈക്കിളിന്റെ ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരിക്കുന്നു. യൂസഫിന്റെ സ്വപ്നങ്ങളെക്കാള് വേഗത്തില്‍...






