
മൂവാറ്റുപുഴ: രാത്രിയില്‍ പെണ് സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം ജന്മ നാട്ടിലെത്തിക്കുന്നതു വൈകും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മരിച്ച അശോക് ദാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് ദിവസം കഴിഞ്ഞിട്ടും അടുത്ത ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയില്ല. ഇന്നലെ രണ്ടു പേര് എത്തിയെങ്കിലും ബന്ധുക്കള്‍ അല്ലാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ പോലീസ് തയാറായില്ല.
രക്ത ബന്ധം ഇല്ലാത്തവര്‍ക്കു കൈമാറാന്‍ നിയമപരമായ തടസമുണ്ട്. കൊല്ലപ്പെട്ട അശോക് ദാസിന് ഒരു സഹോദരി മാത്രമാണുളളത്. അവരാകട്ടെ ഭര്‍ത്താവും ഒന്നിച്ച് പശ്ചിമ ബംഗാളിലാണു താമസിക്കുന്നത്. സഹോദരി ഭര്‍ത്താവിന്റെ ആവശ്യ പ്രകാരമാണ് ഹൈദരാബാദില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ അരുണ്‍ ചക്രവര്‍ത്തിയും കൃഷ്ണയും മൃതദേഹം ഏറ്റുവാങ്ങാന്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിയത്.
നടപടിക്രമം പോലീസ് വിശദീകരിച്ചതോടെ ഇരുവരും മടങ്ങി. ഇവര്‍ നല്കുന്ന സൂചന അനുസരിച്ച് വ്യാഴമോ വെളളിയോ ദിവസങ്ങളിലായിരിക്കും ബന്ധുക്കള്‍ അവിടെനിന്നു തിരിക്കുക. ട്രെയിന്‍ മാര്‍ഗമാണു വരുന്നതെങ്കില്‍ ചുരുങ്ങിയത് മൂന്നു ദിവസം വേണ്ടിവരും മൂവാറ്റുപുഴയില്‍ എത്താന്‍. ഈ സാഹചര്യത്തില്‍ ഇനിയും ദിവസങ്ങള്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കേണ്ട സ്ഥിതിയാണ്.
ഇതിനിടെ ആള്‍കൂട്ട അതിക്രമം സംബന്ധിച്ചുളള അന്വേഷണവും തെളിവെടുപ്പും പോലീസ് പൂര്‍ത്തീകരിച്ചു. അറസ്റ്റിലായ പത്തു പേര്‍ക്കു പുറമെ മറ്റാരും പ്രതികളില്ലന്ന നിഗമനത്തിലാണു പോലീസ്. കസ്റ്റഡിയില്‍ എടുത്ത പത്ത് പ്രതികളേയും വിശദമായി ചോദ്യം ചെയ്യുകയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്നവരെ കസ്റ്റഡിയില്‍ വാങ്ങാനും ഇടയില്ല. സമയ ബന്ധിതമായി കുറ്റപത്രം സമര്പ്പിക്കുയെന്നത് മാത്രമാണ് ഇനി പോലീസിനു മുന്നിലുളളത്.






