
പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിങ്സ് എന്ന നഗരം. രാത്രികാലത്ത് പുറത്തിറങ്ങരുത് എന്നാണ് നോര്‍ത്തേണ്‍ ടെറിട്ടറി മുഖ്യമന്ത്രി ഇവാ ദിന ലോലര്‍ യുവാക്കളോട് പറഞ്ഞിരിക്കുന്നത്. യുവാക്കള്‍ക്ക് ഈ കര്‍ഫ്യൂ ഏപ്രില്‍ 16 വരെ നീട്ടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ മാസം തന്നെ ഒരു 18-കാരന്റെ മരണമടക്കം അനേകം അനിഷ്ടസംഭവങ്ങള്‍ നഗരത്തില്‍ സംഭവിച്ചു കഴിഞ്ഞു. കര്‍ഫ്യൂ പ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ക്ക് വൈകുന്നേരം ആറുമണി മുതല്‍ രാവിലെ ആറുമണി വരെ പുറത്തിറങ്ങാനുള്ള അനുമതി ഇല്ല.
നഗരത്തിലെ അശാന്തിയും കുറ്റുകൃത്യങ്ങളും ഇല്ലാതാക്കാന്‍ ഈ കര്‍ഫ്യൂ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കര്‍ഫ്യൂ നടപ്പിലാക്കിയതിന് പിന്നാലെ നഗരം കൂടുതല്‍ സുരക്ഷിതമായി എന്നും കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്നും ലോലര്‍ പറഞ്ഞു. അതുപോലെ കര്‍ഫ്യൂ അവസാനിച്ച് കഴിഞ്ഞാലും നിമയസംവിധാനങ്ങള് കര്‍ശനമായി പ്രവര്‍ത്തിക്കുമെന്നും ആലീസ് സ്പ്രിംഗ്സില്‍ 58 പോലീസുകാരെ അധികമായി വിന്യസിച്ചുവെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മറ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നും ലോലര്‍ പറഞ്ഞു. മാര്‍ച്ച് 27 ന് ആരംഭിച്ച കര്‍ഫ്യൂ ഏപ്രില്‍ 16 വരെയാണ് നീട്ടിയത്.






