
മനുഷ്യ ജീവന് വിലയില്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യമനസ്സാക്ഷിയെപോലും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്ന് സ്നേഹബന്ധങ്ങള്‍ക്കിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ആക്രമിക്കാനും കൊലപ്പെടുത്താനും ആളുകള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാപ്പിയില്‍ വിഷം നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സ്ത്രീയെ കയ്യോടെ പിടികൂടിയ വാര്‍ത്തയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന 40 -കാരിയാണ് തന്റെ ഭര്‍ത്താവ് റോബി ജോണ്‍സണെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യയുടെ ഈ ഗൂഢോദ്ദേശം വീട്ടിലെ രഹസ്യക്യാമറകളുടെ സഹായത്തോടെ ഭര്‍ത്താവ് യുഎസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് റോബി ജോണ്സണ് കണ്ടെത്തുകയായിരുന്നു. ഡെയിലിസ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 2023 ജൂലൈ 11, 18 തീയതികളില്‍ ആണ് മെലഡി ഭര്‍ത്താവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അയാളുടെ കോഫി മെഷീനില്‍ വിഷ രാസവസ്തു നിറച്ചത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടിയിലായ മെലഡി താന്‍ രണ്ടുതവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി പോലീസിനോട് സമ്മതിച്ചു.
അമേരിക്കയിലെ അരിസോണ സ്വദേശിയാണ് മെലഡി. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ വിധി കോടതി മെയ് 10 -ന് പുറപ്പെടുവിക്കും. അറസ്റ്റിലായ ആദ്യഘട്ടത്തില്‍ ഇവര്‍ കുറ്റം നിഷേധിച്ചെങ്കിലും രഹസ്യ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തെളിവായതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകശ്രമത്തിന് ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ എങ്കിലും വിധിക്കണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം. കോടതി രേഖകള്‍ പ്രകാരം ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുകള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെലഡി ഈ ക്രൂരകൃത്യത്തിന് ഒരുങ്ങിയത്.
കൊലപാതകശ്രമം നടക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് ഒരുങ്ങുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതിന് മുന്‍പായി ഭര്‍ത്താവിനെ കൊലപ്പെടുത്തി അയാളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാല്‍ ഭാര്യയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ റോബി വീട്ടില്‍ ആരും അറിയാതെ രഹസ്യ ക്യാമറകള്‍ സജ്ജീകരിക്കുകയും അതിലൂടെ ഭാര്യയെ നിരീക്ഷിക്കുകയും ചെയ്തു. ഭാര്യ കോഫി മെഷീനില്‍ വിഷം കലര്‍ത്തിയതായി മനസ്സിലാക്കിയതോടെ ഇയാള്‍ ഭാര്യക്ക് മുന്പില് കോഫി കുടിക്കുന്നതായി അഭിനയിക്കുക മാത്രം ചെയ്തു. രഹസ്യ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഈ കേസില്‍ നിര്‍ണായക തെളിവായി മാറിയത്.






