
കൊച്ചി: എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന് കര്‍ത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇഡി വീണ്ടും സമന്‍സയച്ചത്. വിവാദത്തില്‍ സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നതിനിടയില്‍ ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് ഇ.ഡി. സമന്‍സ് അയച്ചത്.
ആരോഗ്യപ്രശ്നങ്ങള്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് തിങ്കളാഴ്ച സി.എന്‍. ശശിധരന് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിര്‍ദേശം. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നല്കിയ നോട്ടീസിനെതിരേ ശശിധരന് കര്‍ത്ത കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇടപെടാന്‍ കഴിയില്ലെന്ന് നിലപാട് അറിയിച്ചു.
എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന കര്‍ത്തയുടെ വാദം കോടതി തള്ളി. അതേസമയം സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഐടി മാനേജര്‍, സീനിയര്‍ ഐടി ഓഫീസര്‍ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രാത്രിയോളം ഇവരെ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം.






