
പാറ്റ്ന: ഡോ.ബി.ആര്.അംബേദ്ക്കറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിലൂം സംഘര്‍ഷത്തിലും ദളിത്വിഭാഗത്തില്‍ നിന്നുള്ള 19 കാരന് വെടിയേറ്റ് മരിച്ചു. 24 കാരനായ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. പാറ്റ്നയിലെ പട്ലാപ്പൂര് പഞ്ചായത്തിലെ മഖ്സൂദ്പൂരില് അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബുധനാഴ്ച രാത്രി ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തില്‍ വെടിവെയ്പ്പ് നടത്തിയതിന് മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. വിക്രംകുമാര്‍ എന്ന യുവാവാണ് മരണമടഞ്ഞത്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. അംബേദ്ക്കര്‍ ജന്മദിനം ആഘോഷിച്ച സ്ഥലത്ത് അംബേദ്ക്കറിന്റെ ഒരു പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ ആലോചനയ്ക്കെതിരേ മറുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഒരു സ്കൂളിന് സമീപത്തെ സര്‍ക്കാര്‍വക ഭൂമിയിലായിരുന്നു ജന്മദിനാഘോഷം.
അതിന് പിന്നാലെ അവിടെ അംബേദ്ക്കറിന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മറുവിഭാഗം ഈ നീക്കത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഇവിടെ പ്രതിമ സ്ഥാപിക്കാനുള്ള പ്ലാറ്റ്ഫോം വാര്‍ത്തതായി എതിര്‍ക്കുന്നവര്‍ കണ്ടെത്തിയതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് വഴിമാറി. ബുധനാഴ്ച രാത്രി 7.30 യോടെ ഇവിടെയെത്തിയ പോലീസ് ഇരു വിഭാഗത്തെയും അനുരഞ്ജിപ്പിച്ചു.
രാത്രി 10 മണിയോടെ സംഘര്‍ഷം അക്രമത്തില്‍ കലാശിക്കുകയും ഇരു വിഭാഗങ്ങളും ആയുധങ്ങളുമായി എത്തി പരസ്പരം കല്ലേറും അക്രമവും നടത്തുകയായിരുന്നു. ഇതിനിടയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ വിക്രത്തിന്റെ മുഖത്ത് വെടിയേല്‍ക്കുകയും ഉദയ്കുമാറിന് കല്ലേറില്‍ തലയ്ക്ക് പരിക്കുമേറ്റു. പ്രദേശത്ത് നിന്നും രണ്ടു ബുള്ളറ്റുകള്‍ കണ്ടെത്തി. ഗ്രാമത്തില്‍ ഒരു വിഭാഗത്തില്‍ പെടുന്ന 100 വീടുകളും മറുവിഭാഗത്തിന് 22 വീടുകളുമുണ്ട്.






