
മലയാളത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഹാസ്യതാരമായി വളര്‍ന്നിരിക്കുകയാണ് അജു വര്‍ഗീസ്. അജുവില്ലാത്ത സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നത് തന്നെ അപൂര്‍വ്വമാണ്. സെല്‍ഫ് ട്രോളുകളും കമന്റുകളും ഏറെ ആസ്വദിക്കാറുള്ള താരത്തിന് സിനിമാമേഖലയില്‍ വലിയൊരു സൗഹൃദവലയം തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിന്റെയും മറ്റും ആസ്വാദകരമായ നിമിഷങ്ങള്‍ താരം പങ്കിടാറുമുണ്ട്. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗുരുവായൂരമ്പല നടയില്‍’. ടീസർ പോലെ തന്നെ രസകരമായ പ്രൊമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇപ്പോഴിതാ പ്രൊമോയില്‍ വളരെ രസകരമായി നിറഞ്ഞു നില്ക്കുന്ന അജുവിനെയാണ് കാണാന്‍ കഴിയുന്നത്. അജു തന്നെയാണ് പ്രൊമോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അജു ചിത്രത്തിലെ തന്റെ റോള്‍ എന്താണെന്ന് ഗാനരചയിതാവിനോട് ചോദിക്കുന്നതാണ് പ്രൊമോ. ഒറ്റ ഷീറ്റ് ഡയലോഗ് കണ്ട് അമ്പരക്കുന്ന അജുവിനോട് ഇത് പാട്ടിലെ വരികളാണെന്നും അജു ചിത്രത്തില്‍ പ്ലേബാക്ക് സിങ്ങർ ആണെന്നുമാണ് ഗാനരചയിതാവ് പറയുന്നത്. ‘‘ടൈറ്റിൽ കൊള്ളാം കഥയും കൊള്ളാം! ഇനി റോൾ ഏതാണെന്ന് കൂടി പറ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജു വീഡിയോ പങ്കിട്ടിരിക്കുന്നത്.
പൃഥ്വിരാജും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രൊമോ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണ കൃഷ്ണ നിന്നാരംഭിക്കുന്ന ഗാനം മെയ് അഞ്ചിന് പുറത്തിറങ്ങും. പ്രിത്വിരാജിനും ബസിലിനും പുറമെ അനശ്വര രാജൻ, നിഖില വിമല്‍, സിജു സണ്ണി തുടങ്ങിയവരും അണിനിരക്കുന്നു. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.






