
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനിടെ 110 കോടിയിലേറെ രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തല്‍. ചത്തൊടുങ്ങിയ കന്നുകാലികളുടെയും കോഴി, താറാവ് ഉള്‍പ്പെടെയുള്ളവയുടെയും കണക്ക് എടുത്തുവരികയുമാണ്. ഇതെല്ലാം കൂടി ചേരുമ്പോള്‍ ആഘാതം ഇതിലും അധികരിക്കാമെന്ന് കൃഷിവകുപ്പിന്റെ നിഗമനം.
വരള്‍ച്ചക്കെടുതി വിലയിരുത്താന്‍ കാര്‍ഷിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം ദൗത്യസംഘം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. വിദഗ്ധസംഘം ജില്ലതോറും സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഈ മാസം 6, 7 തീയതികളിലായി സംസ്ഥാനത്തെ നൂറോളം ബ്ലോക്കുകളില്‍ സംഘങ്ങളെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആലപ്പുഴ, വയനാട് ജില്ലകളില്‍ എല്ലാ ബ്ലോക്കുകളിലും സന്ദര്‍ശനം പൂര്‍ത്തിയായി. ജലസേചന സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വറ്റി വരണ്ടതോടെ നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി കൊക്കോ,ഏലം തുടങ്ങിയ പ്രധാന വിളകള്‍ക്കെല്ലാം കടുത്ത നാശനഷ്ടമാണ് ഉണ്ടായത്. 30 വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ച എന്നാണ് വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്.






