
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ ഇടതുമുന്നണിയില്‍ രാജ്യസഭാസീറ്റിനായി വടംവലി. സി.പി.എമ്മിന്റെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസി(എം)ന്റെ ജോസ് കെ. മാണി എന്നിവര്‍ ജൂലൈയില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് അങ്കം മുറുകുന്നത്. മൂന്നു സീറ്റുകളിലാണ് ഒഴിവുവരുന്നതെങ്കിലും നിയസമഭയിലെ നിലവിലെ അംഗബലമനുസരിച്ച് രണ്ടുപേരെയേ ഇടതുമുന്നണിക്കു വിജയിപ്പിക്കാന്‍ കഴിയൂ എന്നതാണ് വെല്ലുവിളി.
ഒരാളെ യു.ഡി.എഫിനും വിജയിപ്പിക്കാം. ലോക്സഭയില്‍ മൂന്നാം സീറ്റിന് പകരമായി ഇക്കുറി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലീംലീഗിനു നല്‍കാമെന്ന് നേരത്തെതന്നെ യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ട് അവിടെ തര്‍ക്കത്തിന് സാധ്യതയില്ല.
എന്നാല്‍, ഇടതുമുന്നണിയുടെ സ്ഥിതി അതല്ല. ഒരു സീറ്റ് ജോസ് കെ. മാണി ഒഴിയുന്നതായതുകൊണ്ട് അതിന് അവകാശവാദം അവര്‍ തീര്‍ച്ചയായും ഉന്നയിക്കും. സി.പി.ഐയുടെ സീറ്റ് വിട്ടുകൊടുക്കാന്‍ അവരും തയാറാകില്ല. ഇതിനകം തന്നെ അതിന്റെ സൂചനകള്‍ അവര്‍ നല്‍കിക്കഴിഞ്ഞു. രാജ്യസഭാ സീറ്റ് വിഷയം മുന്നണിയില്‍ ഉന്നയിക്കാനാണ് സി.പി.ഐയുടെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടാല്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ജോസ് കെ. മാണിപക്ഷം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല.
2009 മുതല്‍ കേരള കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമുണ്ട്. 2016ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിട്ട കെ.എം. മാണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യസഭാ സീറ്റ് നല്‍കിയാണ് മടക്കിക്കൊണ്ടുവന്നത്. അന്ന് കോട്ടയം എം.പിയായിരുന്ന ജോസ് കെ. മാണി ആ സ്ഥാനം രാജിവച്ചാണ് രാജ്യസഭയിലേക്ക് മത്സരിച്ചതും. പിന്നീട് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ ജോസ് കെ. മാണി രാജ്യസഭാംഗത്വവും രാജിവച്ചെങ്കിലും ആ സീറ്റ് സി.പി.എം അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നു. ഒരു തവണ എന്ന ഉപാധിയിലാണ് അന്ന് സീറ്റ് നല്‍കിയതെന്ന് സി.പി.എം വൃത്തങ്ങള്‍ പറയുന്നു.
കേരളകോണ്‍ഗ്രസി(എം)നെപ്പോലെ തന്നെ മുന്നണി മാറിവന്നപ്പോള്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. അവര്‍ക്കും ഒരുതവണ എന്ന ഉപാധിയോടെയാണ് ആ സീറ്റ് നല്‍കിയത്. കാലാവധി കഴിഞ്ഞപ്പോള്‍ അത് തിരിച്ചെടുത്തു. അതില്‍ അവര്‍ക്കു കടുത്ത നീരസമുണ്ട്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. അതുകൊണ്ടുതന്നെ, ഇക്കുറി രാജ്യസഭയിലേക്ക് അവരും അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന.






