
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിലാണ് അറസ്റ്റ്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ദില്ലി എയിംസിലാണ് സ്വാതി മലിവാള്‍ വൈദ്യ പരിശോധനക്ക് വിധേയയായത്.
അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നാണ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇടത്തേ കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിഭവ് കുമാര്‍ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപി നല്കിയ പരാതിയില്‍ പറയുന്നു.
പൊലീസിന് സംഭവത്തില്‍ മലിവാല്‍ മൊഴിയും നല്കി. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തതിന് പിന്നാലെയാണ് വൈദ്യ പരിശോധനാ ഫലവും പുറത്തുവന്നത്. ബിഭവിന്റെ ഭീഷണിയിലാണെന്ന് ആം ആദ്മി പാര്‍ട്ടി നില്‍ക്കുന്നതെന്നും അറസ്റ്റിലായാല്‍ കെജ്രിവാളിന്റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു.
അതേസമയം സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പരാതി നല്‍കിയിരുന്നു. ബിജെപിയുടെ പാളയത്തിലേക്ക് പോകാന്‍ സ്വാതി മലിവാല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആരോപണമെന്ന് എഎപിയും പറയുന്നു. മലിവാല്‍ ഒരു മണിക്കൂറോളം കെജ്രിവാളിന്റെ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും അവര്‍ പറയുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ചയ്ക്ക് സ്വാതി മലിവാളിന് അനുമതി ഇല്ലായിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന പ്രധാന കെട്ടിടത്തിന് പുറത്തുള്ള സ്വീകരണ മുറിയിലേക്ക് സ്വാതി അതിക്രമിച്ച് കയറിയെന്നുമാണ് ആരോപണം.






