
ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങളുടെ വേറിട്ട മുഖമായിരുന്നു സുസ്മിത സെന്നിന്റേത്. 1994 ൽ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ വെറും 18 വയസ് മാത്രമായിരുന്നു സുസ്മിതയുടെ പ്രായം. ഇപ്പോഴിതാ വിശ്വസുന്ദരിപ്പട്ടം നേടി 30 വർഷം തികയുമ്പോൾ തന്റെ മകൾ റെനിയ്ക്കൊപ്പമുള്ള ഓർമ്മ പങ്കുവച്ചിരിക്കുകയാണ് താരം.
"എനിക്ക് 18 വയസുള്ളപ്പോഴാണ് ഒരു അനാഥാലയത്തിൽ വച്ച് ഈ കൊച്ചു പെൺകുട്ടിയെ ഞാൻ കാണുന്നത്. ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും എന്നാൽ ആഴമേറിയതുമായ പാഠങ്ങൾ പഠിപ്പിച്ചത് അവളാണ്. ആ പാഠങ്ങളിലൂടെയാണ് ഞാൻ ഇന്നും ജീവിക്കുന്നത്.
ഈ നിമിഷം പകർത്തിയിട്ട് 30 വർഷം തികയുന്നു, മിസ് യൂണിവേഴ്സിൽ ഇന്ത്യയുടെ ആദ്യ വിജയവും. എന്തൊരു യാത്രയായിരുന്നു, അത് തുടർന്നു കൊണ്ടിരിക്കുന്നു...എന്റെ ഏറ്റവും വലിയ ശക്തിയും ഐഡന്റിറ്റിയും ആയതിന് ഇന്ത്യയ്ക്ക് നന്ദി.
ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന് ഫിലിപ്പീൻസിനും നന്ദി. ലോകമെമ്പാടുമുള്ള എൻ്റെ എല്ലാ പ്രിയപ്പെട്ട ആരാധകരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും... അറിയുക, നിങ്ങൾ ഓരോരുത്തരും എൻ്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കി, നിങ്ങൾ പോലുമറിയാതെ നിങ്ങളെനിക്ക് പ്രചോദനമായി!! സ്നേഹം ഞാനറിയുന്നു! നന്ദി" - എന്നാണ് സുസ്മിത കുറിച്ചിരിക്കുന്നത്.






