
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. സഹതാരമായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരം പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടുകയായിരുന്നു. ആരാധകരുടെ സ്വന്തം ഇക്കയാണ് ആസിഫ് അലി. താരത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും പ്രത്യേകതകള്‍ സമ്മാനിച്ചാണ് പ്രിയങ്കരമായി മാറാറുള്ളത്.
താരത്തിന്റെ ഏറ്റവും പുതിയ സിനിമ ജിസ് ജോയിയുടെ സംവിധാനത്തില്‍ പിറന്ന ‘തലവനാ’ണ്. ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ത്രില്ലര്‍ ജോണറില്‍ പെടുന്നതാണ്. മികച്ച അഭിപ്രായം നേടിയാണ് തലവന്റെ ഓരോ ഷോയും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ‘തലവന്‍’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞുള്ള ആസിഫ് അലിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. അഭിനന്ദനങ്ങള്‍ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് നന്ദി പറഞ്ഞ ശേഷം ഇത്ര മികച്ച പ്രതികരണങ്ങള്‍ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
‘‘എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം. ഇത്രയും റെസ്പോണ്‍സ് തിയേറ്ററില്‍ നിന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. എല്ലാവര്ക്കും നന്ദി. ഒരുപാട് ഒരുപാട് സന്തോഷമുണ്ട്...’’ ആസിഫ് അലി മനസ്സും കണ്ണം നിറഞ്ഞു പുഞ്ചിരിയോടെ പറഞ്ഞു.
‘എന്താണ് ഇക്ക കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ’ എന്നായി മാധ്യമപ്രവര്ത്തകന് ‘തിയേറ്ററില്‍ നിന്ന് കിട്ടിയ റെസ്പോണ്‍സ് അത്രയ്ക്കും ഗംഭീരമായിരുന്നു, ശരിക്കും ഹാപ്പിയാണ്’ ആസിഫ് പറയുന്നു.
മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന തലവന്‍ വെള്ളിയാഴ്ച രാത്രി പല സെന്ററുകളിലും പ്രേക്ഷക ആവശ്യപ്രകാരം സ്പെഷ്യല്‍ ഷോകളും ഒരുക്കിയിരുന്നു. ആസിഫ് അലിയുടെ വലിയൊരു തിരിച്ചുവരവാണ് ഈ ചിത്രമെന്നാണ് പലയിടത്തു നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.
ഫീല്‍ ഗുഡ് ചിത്രങ്ങളൊരുക്കുന്ന ജിസ് ജോയ് എന്ന സംവിധായകന് വേറിട്ട വ്യതിചലനമാണ് ‘തലവന്‍’. ഹിറ്റ് ജോഡികളായ ബിജു മേനോന് - ആസിഫ് അലി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ഹിറ്റായി തലവനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുതന്നെ വേണം പറയാന്‍. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






