
കഴിഞ്ഞ ഏതാനും നാളുകളായി ഉക്രെയ്ന് റഷ്യ യുദ്ധം കൊടുംമ്പിരിക്കൊള്ളുകയാണ്. ഇതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് ഉക്രെയ്നില് സംഭവിച്ചത്. ഇപ്പോഴിതാ ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്ന് പഠന റിപ്പോര്‍ട്ട്. കറന്റ് ബയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉക്രെയ്നിലൂടെ ദേശാടന വഴികളുള്ള വലിയ പുള്ളി കഴുകന്മാര്, യുദ്ധാന്തരീക്ഷം ഉള്ളതിനാല്‍ തങ്ങളുടെ പറക്കല്‍പാതകള്‍ മാറ്റിയെന്നാണ് ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), ബ്രിട്ടീഷ് ട്രസ്റ്റ് ഫോര്‍ ഓര്‍ണിത്തോളജി (ബിടിഒ), എസ്റ്റോണിയന്‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
യുദ്ധ സമയത്ത് കഴുകന്മാര് പീരങ്കികള്‍, ജെറ്റുകള്‍, ടാങ്കുകള്‍ എന്നിവയ്ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. സഞ്ചാരപാത മാറ്റിയതിനു പുറമേ പുള്ളി കഴുകന്മാര് യാത്രയ്ക്കിടെ എടുത്തിരുന്ന ഇടവേളകളുടെ എണ്ണം പരമാവധി കുറയ്ക്കുകയും വിശ്രമസമയം പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്തതായും പഠനം സൂചിപ്പിക്കുന്നു. എല്ലാ വര്‍ഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാര് ഗ്രീസില്‍ നിന്നും ദക്ഷിണ സുഡാനിലെ സുഡില്‍ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്. പെണ്‍പക്ഷികള്‍ ഗ്രീസില്‍ നിന്നും ആണുങ്ങള് കിഴക്കന്‍ ആഫ്രിക്കയിലെ സൈറ്റുകളില്‍ നിന്നും ആണ് വരുന്നത്.
ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച് ആഴ്ചകള്‍ക്ക് ശേഷം, 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉക്രെയ്നിലൂടെ തെക്കന്‍ ബെലാറസിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് പറന്നപ്പോള്‍ ടാഗ് ചെയ്ത 19 പക്ഷികളില്‍ നിന്ന് ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉക്രെയ്നിലെ യുദ്ധം ആളുകള്‍ക്കും പരിസ്ഥിതിക്കും വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തല്‍ എന്ന് പ്രശസ്ത എഴുത്തുകാരന് ചാര്‍ലി റസ്സല്‍ അഭിപ്രായപ്പെട്ടു. യുദ്ധസമയത്ത് ശേഖരിച്ച ഡാറ്റ 2018 നും 2021 നും ഇടയില്‍ 20 പക്ഷികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് പക്ഷികളുടെ സഞ്ചാരപാതയില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് കണ്ടെത്തിയത്. സഞ്ചാരപാതയില്‍ ഉണ്ടായ ഈ മാറ്റം പക്ഷികള്‍ 55 മണിക്കൂറോളം അധികം പറക്കുന്നതിന് ഇടയാക്കിയതായും ഗവേഷകര്‍ പറഞ്ഞു.






