
കൊച്ചി : വൃക്ക തട്ടിപ്പിന് ഇരയായവരെ വിദേശത്തേക്കു കൊണ്ടുപോയതു ജോലി വാഗ്ദാനം നല്‍കിയെന്ന് അറസ്റ്റിലായവരുടെ മൊഴി. ദാതാവിന്റെ സമ്മതത്തോടെയാണു വൃക്ക നല്‍കിയത്. വീട്ടുജോലിക്കായിട്ടാണു പലരെയും കൊണ്ടുപോയത്. അവര്‍ ജോലി ചെയ്തിരുന്ന വീടുകളിലെ അംഗങ്ങള്‍ക്കാണു വൃക്ക നല്‍കിയതെന്നും പ്രതി സാബിത്ത് നാസര്‍ മൊഴി നല്കി. അടുത്ത ബന്ധുവല്ലാത്തതിനാണു ഇറാനില്‍ പോയി ശസ്ത്രക്രിയ നടത്തിയത്. താന്‍ ഏതെങ്കിലും മാഫിയ സംഘത്തിന്റെ ഭാഗമല്ലെന്നും സഹായിക്കുക മാത്രമാണു ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ദാതാക്കള്തന്നെ പിന്നീടു ബ്രോക്കര്‍മാര്‍ ആയി മാറുകയാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ തങ്ങളുടെ പരിചയത്തിലുള്ളവരെ ഏജന്റുമാര്‍ക്കു പരിചയപ്പെടുത്തി കൊടുക്കും. അതിനു കമ്മീഷനും ലഭിക്കും. അങ്ങനെയാണു വൃക്ക ദാതാക്കളുടെ ശൃംഖല രൂപപ്പെടുത്തത്. ദാതാക്കളും ഏജന്റുമാരും ആശുപത്രികളും ചേരുന്ന ഈ ശൃംഖലകളുടെ കണ്ണികള്‍ വിദേശത്തേക്കും നീളുന്നു.
കൂടുതലും സ്ത്രീകളാണു കുടുംബത്തിന്റെ ദാരിദ്രാവസ്ഥയില്‍ അവയവ വില്പനയ്ക്കു തയാറാകുന്നത്. ഇവര്‍ സമാനാവസ്ഥയിലുള്ള മറ്റു സ്ത്രീകളോടു പറയുന്നു. വീട്ടുജോലിക്കെന്നും പറഞ്ഞാണു ഇവരെ വിദേശത്തേക്കു കൊണ്ടുപോകുന്നത്. അവിടെ വച്ചും കെണിയിലാകുന്നവരുണ്ടെന്നു പോലീസ് പറയുന്നു. സാബിത്ത് ഇതുവരെ 60 പേരെ വിദേശത്തേക്കു കൊണ്ടുപോയിട്ടുണ്ടെന്നാണു വിവരം.
അതില്‍ പകുതിപ്പേര്‍ മാത്രമാണു തിരിച്ചെത്തിയിട്ടുള്ളവര്‍. കാണാതായവരെ കൊലപ്പെടുത്തി മറ്റ് അവയവങ്ങളും വില്പന നടത്തിയിരിക്കാമെന്നും സംശയിക്കുന്നു. ഉത്തരേന്ത്യക്കാരെയും ബംഗ്ലാദേശികളേയും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്ഥികളേയുമാണു കൂടുതലും. ശ്രീലങ്കക്കാരെ ഇറാനില്‍നിന്നു തുര്‍ക്കി വഴി യൂറോപ്പിലേക്കു കടത്താമെന്നു വാഗ്ദാനം നല്‍കിയാണു ഇവിടെനിന്നു കൊണ്ടുപോയത്. അതിനു പണമില്ലാത്തവരെയാണു വൃക്കവില്പനയ്ക്കു പ്രേരിപ്പിക്കുന്നത്.
ഏജന്റുമാര്‍ സ്വീകര്ത്താവില്നിന്നു 60 ലക്ഷം രൂപയാണു വാങ്ങുന്നത്. ദാതാവിനു 3.5 മുതല്‍ ഏഴു ലക്ഷം രൂപ വരെ നല്‍കും. 10-20 ലക്ഷം വരെ വാഗ്ദാനം നല്‍കിയാണു കൊണ്ടുപോകുന്നത്. ഒമാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണു സമ്പന്നരായ രോഗികള്‍ ഇറാനിലും തുര്ക്കിയിലുമെത്തുന്നത്. ഈ രാജ്യങ്ങളില്‍ അവയവം മാറ്റിവയ്ക്കാന്‍ നിയമക്കുരുക്കില്ലാത്തതാണു കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും രോഗികളെത്തി അവയവം സ്വീകരിച്ചു മടങ്ങുന്നു.
ശരീരത്തില്‍ നിന്നു അവയവം മുറുച്ചെടുക്കുന്നതു തെറ്റാണെന്നു വിശ്വസിക്കുന്ന ചില മതവിഭാഗങ്ങളുണ്ട്. എന്നാല്‍, സ്വീകരിക്കാന്‍ വിശ്വാസം എതിരല്ല. ഇത്തരക്കാര്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം മുതലായ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നാണു വൃക്ക വാങ്ങുന്നത്. ഇന്ത്യയിലുള്ളവരും ഈ രാജ്യങ്ങളിലെത്തി അവയവം വച്ചുപിടിപ്പിക്കുന്നുണ്ട്.






