
യുവതലമുറക്കാരില്‍ പലരുടെയും വലിയ ആഗ്രഹമാണ് ഒരു ഐഫോണ്‍ വാങ്ങുക എന്നത്. എന്നാല്‍ അല്പ പണചെല്ലവ് ഉള്ളതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും ആ സ്വപളനം ഭാവിയിലേക്ക് മാറ്റിവക്കാറാണ് പതിവ്. എന്നാല്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ സ്വാധീനം ചെലതുത്തുന്നതുകൊണ്ട് തന്നെ ഐഫോണുകള്‍ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഐഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചൈനീസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്ത ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ്.
ഒരു ചൈനീസ് പിതാവ് തന്റെ കൗമാരക്കാരിയായ മകള്‍ക്ക് ഐഫോണ്‍ വാങ്ങി നല്കാന് പണമില്ലാത്തതിനാല്‍ അവള്‍ക്കു മുന്പില് മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തി എന്ന വാര്‍ത്തയാണിത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മെയ് 4 ന് തയ്യുവാന്‍ എന്ന സ്ഥലത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഒരു വഴിയാത്രക്കാരനാണ്. ദൃശ്യങ്ങളില്‍ ഒരു റോഡില്‍ വച്ച് കൗമാരക്കാരിയായ പെണ്‍കുട്ടി തനിക്ക് ഐഫോണ്‍ വാങ്ങാന്‍ കഴിയാത്തതിന് പിതാവിനോട് ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു. ഒടുവില്‍ തന്റെ മകളെ അനുനയിപ്പിക്കാന്‍ മറ്റൊരു വഴിയും കാണാതെ വന്നപ്പോള്‍ ആ പിതാവ് അവള്‍ക്കു മുന്പില് മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തുകയുമായിരുന്നു.
മറ്റുള്ള മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് ഐഫോണ്‍ വാങ്ങി നല്കുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ കയ്യില്‍ മാത്രം പണമില്ലാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു പെണ്‍കുട്ടി പിതാവിനോട് ബഹളം വച്ചത്. ഏറെ ശ്രമിച്ചിട്ടും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ വന്നതോടെയാണ് പിതാവ് അവള്‍ക്കു മുന്പില് മുട്ടുകുത്തി നിന്ന് തന്റെ സാമ്പത്തിക കഴിവുകേടുകള്‍ക്ക് ക്ഷമ ചോദിച്ചത്. പൊതുസ്ഥലത്ത് വെച്ചുള്ള പിതാവിന്റെ അപ്രതീക്ഷിത പ്രവൃത്തിയില്‍ ലജ്ജ തോന്നിയ പെണ്‍കുട്ടി ഉടന്‍തന്നെ പിതാവിനോട് എഴുന്നേല്ക്കാന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ പെണ്‍കുട്ടിയോട് തനിക്ക് ദേഷ്യവും പിതാവിനോട് സഹതാപവും തോന്നി എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ച വ്യക്തി ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.






