
പത്തനംതിട്ട/കോഴിക്കോട്: പോലീസുകാരും ഗുണ്ടകളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ചട്ടം മറികടന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും മേലുദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെയാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വി. അജിത്ത് സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ സുരക്ഷാ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു ഉമേഷ്.
കഴിഞ്ഞ 27 നാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇൗ വിവരം ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്ന 'ഓപ്പറേഷന് ആഗ്' പദ്ധതിയെയും പോലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് വസ്തുതയ്ക്കു നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുവെന്നതാണ് സസ്പെന്ഷന് കാരണമായി പറയുന്നത്.






