
ന്യൂഡല്‍ഹി : 33 വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്നു 100 ടണ്ണിലേറെ സ്വർണമാണ് ഇന്ത്യയിലെത്തിച്ചത്. 1991നു ശേഷം ആദ്യമായാണു വിദേശത്തെ സ്വർണനിക്ഷേപം ഇന്ത്യ പിൻവലിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകുന്ന തുക സ്റ്റോറേജ് ചിലവിൽ കുറച്ച് ലാഭിക്കാനും ഈ നീക്കം ആർബിഐയെ സഹായിക്കും. റിസർവ് ബാങ്കിന്റെ മുംബൈയിലുള്ള പഴയ കെട്ടിടത്തിലും നാഗ്പുരിലുമാണ് ഈ സ്വർണം സൂക്ഷിച്ചിട്ടുള്ളത്. വരും മാസങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി 1991ൽ കേന്ദ്ര സർക്കാർ സ്വർണം പണയം വച്ചിരുന്നു. 2010ൽ ഐഎംഎഫിൽനിന്ന് ഇന്ത്യ 200 ടൺ സ്വർണം വാങ്ങി. പിന്നീടുള്ള ഓരോ വർഷവും ഈ നിക്ഷേപം തുടർന്നു. 2023ല്‍ ഇന്ത്യയുടെ സ്വർണ നിക്ഷേപം 794.6 ടണ്ണും 2024 ല്‍ 822.1 ടണ്ണും ആയി. ഒട്ടുമിക്ക സെൻട്രൽ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്.
അതേ സമയം മാർച്ച് അവസാനത്തോടെയാണ് സ്വര്‍ണനീക്കം ആരംഭിച്ചത്. ആർബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ് സ്റ്റോക്ക് വിദേശത്ത് വർധിക്കുന്നതിനാൽ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇത്രയും സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയിൽ ചുമത്തുന്ന സംയോജിത ജിഎസ്ടിയിൽ ഇളവ് നല്‍കിയില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകുന്ന തുക സ്റ്റോറേജ് ചിലവിൽ കുറച്ച് ലാഭിക്കാനും ഈ നീക്കം ആർബിഐയെ സഹായിക്കും. മുംബൈയിലെ മിൻ്റ് റോഡിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുക.






