
ഷിംല: കടുത്ത മഞ്ഞുവീഴ്ച മൂലം വെള്ളപുതച്ച മലനിരകളും തണുപ്പും മഞ്ഞു പെയ്യുന്ന താഴ്വാരങ്ങളുമൊക്കെയായി മനോഹരദൃശ്യങ്ങള്‍ അടങ്ങിയ ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഒരിടത്ത് പ്രണയവും ആഹ്ളാദവും തിരതല്ലുമ്പോള് മറുവശത്ത് ഇവരെ കാത്തിരിക്കുന്നത് അനേകം പ്രതിസന്ധികളും. ജനുവരി ആദ്യം മുതല്‍ പടിഞ്ഞാറന്‍ ഹിമാലയത്തില്‍ കനത്ത മഞ്ഞു വീഴ്ചയാണ്. ഇത് ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഷിംല, മണാലി, ദാല്‍ഹൗസി എന്നിവിടങ്ങളിലേക്ക് ആള്ക്കാര് ഒഴുകുകയാണ്. അതേസമയം കുടിവെള്ളം പോലും കിട്ടാത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കടുത്ത മഞ്ഞില്‍ തണുത്തുവിറച്ചും മറ്റും പലരും വീടു വിട്ടോടുകയാണ്.
ജനവരി 6 ന് ശേഷം വെള്ളപുതഞ്ഞ മലനിരകള്‍ കാണാനും മറ്റും ഹില്‍സ്റ്റേഷനിലേക്ക് വന്‍ തിരക്കാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്ത വഴുക്കലും അസ്തിമരവിപ്പിക്കുന്ന തണുപ്പും അനുഭവിക്കാന്‍ സഞ്ചാരികള്‍ ഒഴുകുമ്പോള്‍ അതിന് പിന്നില്‍ അനേകം ദുര്‍ഘടങ്ങളും കാത്തിരുപ്പുണ്ടെന്ന് ഓര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. തണുപ്പിനെ അതിജീവിക്കാന്‍ കല്‍ക്കരി ഹീറ്റര്‍ ഉപയോഗിച്ച ബീഹാറില്‍ നിന്നുള്ള അഞ്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് ശ്വാസംമുട്ടി മരിച്ചത്. മാണ്ഡി ജില്ലയിലെ സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ ശിഖാരി ദേവി ക്ഷേത്രത്തില്‍ ഹിമാചലിലെ ഹമീര്‍പൂറില്‍ കുടുങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. 28 അംഗ രക്ഷാസേന 36 കിലോമീറ്റര്‍ നടന്ന് പത്തടി താഴ്ചയില്‍ മഞ്ഞിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റോത്തംഗ് പാസിലെ മണാലിക്കും സോളാംഗിനും ഇടയില്‍ റോഷില്‍ മഞ്ഞുമൂടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിയാതെ കുടുങ്ങിയ 400 പേരെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയത്. കുടുങ്ങിയ ഇവര്‍ക്ക് നാട്ടുകാര്‍ അഭയം നല്കി. നെരിപ്പോടും ഭക്ഷണവും കിടപ്പാടവും നല്കി. കനത്ത മഞ്ഞു മുടിയതിനെ തുടര്‍ന്ന് പുതിയ ടുറിസ്റ്റ് ആകര്‍ഷണമായ മണാലിയില്‍ നിന്നും പാട്ട്ലികൂള് വരെ 16 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ ചോദിക്കുന്നത് 15,000 രൂപയാണ്. സാധാരണഗതിയില്‍ വെറും 700 രുപ വാങ്ങിയിടത്താണ് ഈ തുക. ഷിംല ജില്ലയില്‍ മാത്രം 230 വിനോസഞ്ചാരികളാണ് ഫഗുവിനും കുഫ്രിക്കും ഇടയില്‍ ജനുവരി 9 ന് കുടുങ്ങിയത്. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷിക്കുകയായിരുന്നു.






