
ശരീരം ദുര്‍ഗന്ധം ആരോപിച്ച് എട്ട് കറുത്തവര്‍ഗക്കാരായ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച അമേരിക്കന്‍ എയര്‍ലൈനിനെതിരെ കേസ്. ജനുവരി 5 -ന് അരിസോണയിലെ ഫീനിക്സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. പുറത്താക്കപ്പെട്ട യാത്രക്കാരില്‍ മൂന്നുപേര്‍ എയര്‍ലൈനിനെതിരെ വംശീയ വിവേചനം ആരോപിച്ച് കേസ് കൊടുത്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തങ്ങള്‍ക്ക് പരസ്പരം അറിയില്ലെന്നും സംഭവം നടന്ന ദിവസം വിമാനത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്ന തങ്ങള്‍ ഓരോരുത്തരുടെയും അടുത്ത് എയര്‍ലൈന്‍ ജീവനക്കാരെത്തി പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
അതേസമയം എന്തിനാണ് തന്നെ പുറത്താക്കുന്നതെന്ന് ചോദിച്ച ഒരു യാത്രക്കാരന് എയര്‍ലൈന്‍ ജീവനക്കാര്‍ നല്കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയെന്നും അതിനാല്‍ കറുത്ത വര്ഗക്കാരായിട്ടുള്ളവര് പുറത്തു പോകണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം. കറുത്ത വര്‍ഗക്കാരുടെ ശരീരത്തില്‍ നിന്ന് മാത്രമേ ദുര്‍ഗന്ധം ഉണ്ടാവുകയുള്ളൂവെന്ന ജീവനക്കാരുടെ നിലപാട് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. വംശീയ വിവേചനത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഇതെന്നും അവര്‍ ചൂണ്ടികാട്ടി.
വിമാനത്തിലുണ്ടായിരുന്ന എട്ട് കറുത്തവര്‍ഗ്ഗക്കാരോട് ടിക്കറ്റ് തിരികെ വാങ്ങണമെന്നും മറ്റൊരു വിമാനത്തില്‍ പോകണമെന്നുമായിരുന്നു എയര്‍ലൈന്റെ ആവശ്യം. എന്നാല്‍, ഒരു അമേരിക്കന്‍ പ്രതിനിധി അവരെ റീബുക്ക് ചെയ്യാന്‍ ഇനി ഫ്ലൈറ്റുകള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഒടുവില്‍ അവരെ അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചു. ഇതേ തുടര്‍ന്ന് വിമാനം ഒരു മണിക്കൂറിലധികം വൈകിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






