
കാലവര്‍ഷത്തിന് തൊട്ടുമുമ്പായി അപ്രതീക്ഷിതമായി എത്തിയ മഴ മൂംബൈയിലെ റോഡുകളില്‍ വെള്ളക്കെട്ടിന് കാരണമാകുമ്പോള്‍ സാഹചര്യം മുതലെടുക്കുന്ന പൂനെ നിവാസിയുടെ വീഡിയോ വൈറലായി. ഉര്‍മി എന്ന ഉപയോക്താവ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കിട്ട വീഡിയോയില്‍ വെള്ളക്കെട്ടുള്ള തെരുവില്‍ മഴവെള്ളത്തിലൂടെ സര്‍ഫിംഗ് ചെയ്യുന്ന ഒരു മനുഷ്യന്റെ ദൃശ്യങ്ങള്‍.
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡിലൂടെ സഞ്ചരിക്കാന്‍ കാറുകള്‍ പാടുപെടുമ്പോള്‍, കാലാവസ്ഥ ആസ്വദിച്ചുകൊണ്ട് ആ മനുഷ്യന് മെത്തയില്‍ വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു. യുവാവിന്റെ വളരെ അസാധാരണമായ പ്രവര്‍ത്തിയുടെ രസകരമായ കാഴ്ച പലരെയും ആകര്‍ഷിച്ചു.
കാറുകളും സ്കൂട്ടറുകളും നിരന്നോടുന്ന റോഡിലൂടെയാണ് യുവാവിന്റെ സര്‍ഫിംഗും. ജൂണ്‍ 7-ന് പോസ്റ്റ് ചെയ്തതിന് ശേഷം, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് 47,000-ലധികം കാഴ്ചകളും 500-ലധികം ലൈക്കുകളും നേടി.
വീഡിയോയ്ക്കുള്ള ആള്‍ക്കാരുടെ പ്രതികരണങ്ങളും വ്യത്യസ്തവും രസകരവുമാണ്. 'മഴയില്‍ പൂനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു.' എന്നായിരുന്നു ഒരാളുടെ കമന്റ്. 'പൂനെയിലെ അലാദ്ദീന്‍ അവന്റെ മാന്ത്രിക പരവതാനിയില്‍.' എന്നായിരുന്നു മറ്റൊരു കമന്റ്.
മറ്റുള്ളവര്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയ്ക്ക് മറ്റൊരു പ്രായോഗിക വശമാണ് കാണുന്നത്. ''കനത്ത മഴക്കാലത്ത് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്. വേഗത്തിലും കുറഞ്ഞ മലിനീകരണത്തിലും ലക്ഷ്യസ്ഥാനത്ത് എത്തും.' ഒരാള്‍ അഭിപ്രായപ്പെട്ടു. ചിലര്‍ക്ക് ഇത് രസിച്ചിട്ടില്ല. ട്രാഫിക് പോലീസ് എവിടെ എന്ന് ചോദിക്കുന്നവരുമുണ്ട്.






