
ഭീമന് കമ്പനികള്‍ ഐടി-ടെക് രംഗത്ത് തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നു. ടെക് ലോകത്ത് 2023ല്‍ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്.
ഗൂഗിളും മൈക്രോസോഫ്റ്റും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ജൂണ്‍ ആദ്യ ആഴ്ചയില്‍ ഇരു കമ്പനികളും 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പറഞ്ഞുവിട്ടിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളെയാണ് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ബാധിച്ചത്.
പിരിച്ചുവിടലുകള്‍ അധികവും മിക്സ്ഡ് റിയാലിറ്റി വിഭാഗത്തിലാണ്. ഹോളോലെന്‍സ് 2 പ്രൊജക്ട് മിക്സ്ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം.
മൈക്രോസോഫ്റ്റിന്റെ അതേ പാതയില്‍ ഗൂഗിളും തൊഴിലാളികളെ പിരിച്ചുവിടുകയാണ്. സെയില്‍സ്, ഓപ്പറേഷന്‍സ്, കണ്‍സള്‍ട്ടിംഗ്, എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ഇത് സാരമായി ബാധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.






