
തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അഭിനയത്തിലെത്തിയ അശ്വിൻ കുമാറിനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത് വിനീത് ശ്രീനിവാസന്റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മാണ്. ലവകുശ, ചാര്‍മിനാര്‍, രണം, ആഹാ തുടങ്ങിയ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്.
ചെറുപ്പത്തിൽ മുച്ചുണ്ടുള്ള കുട്ടിയായിരുന്നു താനെന്നും നിരവധി ശസ്ത്രക്രിയകൾക്കു ശേഷമാണ് തന്റെ ചിരി തിരിച്ചുപിടിച്ചതെന്നും വെളിപ്പെടുത്തുകയാണ് അശ്വിൻ.
"1987 മുതൽ 2006 വരെ... ശസ്ത്രക്രിയകളിലൂടെയുള്ള എന്റെ യാത്ര 1987ൽ, എനിക്കു മൂന്നുമാസം പ്രായമുള്ളപ്പോൾ ആരംഭിച്ചതാണ്. എന്റെ അടുത്ത ശസ്ത്രക്രിയ ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു. 2006ൽ എനിക്കു 18 വയസ്സു തികഞ്ഞപ്പോൾ ആയിരുന്നു. അന്നു ഞാൻ കോളേജിൽ ഫസ്റ്റ് ഇയർ വിദ്യാർത്ഥി. ആറു മണിക്കൂർ നീണ്ട മേജർ സർജറി ആയിരുന്നു. എൻ്റെ മാതാപിതാക്കൾ, മുത്തശ്ശിമാർ, ശസ്ത്രക്രിയാ വിദഗ്ധർ, അടുത്ത സുഹൃത്തുക്കൾ, പ്രപഞ്ചശക്തികൾ... അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്.
വാക്ക്മാനിൽ പ്ലേ ചെയ്യുന്ന ഗാനം നായകനിലെ തേൻപാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയെന്ന വണ്ണം എൻ്റെ ഇരു കൈകളിലും കാസ്റ്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഈ ഗാനം എന്നെ ശാന്തനാക്കും," അശ്വിൻ കുറിച്ചതിങ്ങനെ.






