
മലയാളത്തില്‍ ഫീല്‍ഗുഡ് സിനിമകളെന്നു പറഞ്ഞാല്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന ഒരു പേരുണ്ട്, ജിസ് ജോയ്. വെള്ളിത്തിരയില്‍ ജിസ് ജോയ് അരങ്ങേറ്റം കുറിച്ചത് ട്വിസ്റ്റുകള്‍ നിറഞ്ഞ ബൈസൈക്കിള്‍ തീവ്സ് പോലെയൊരു സിനിമയിലൂടെയാണെങ്കിലും പിന്നീടിങ്ങോട്ട് സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, മോഹൻ കുമാർ ഫാൻസ് എന്നിങ്ങനെയുള്ള ഫീല്‍ ഗുഡ് സിനിമകളിലൂടെ ജിസ് ജോയി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ഒടിടി റിലീസിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ഇന്നലെ വരെ എന്ന സിനിമയിലൂടെ ജിസ് തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടന്നിരുന്നു. ഇപ്പോഴിതാ തലവന്‍ എന്ന മാസ്സ് സിനിമ ഒരുക്കി പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ് ജിസ് ജോയ്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ജിസ് അവതരിപ്പിച്ചത്. ബിജു മേനോനും ആസിഫ് അലിയും ചേര്‍ന്നുള്ള കെമിസ്ട്രിയാണ്. പൂര്‍ണമായും പൊലീസ് കഥയായി മെനഞ്ഞെടുത്തിരിക്കുന്ന തലവന്‍ ക്രൈം ത്രില്ലറായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. പലയിടങ്ങളിലായി തെന്നിത്തെറിച്ച് പ്രേക്ഷകരുദ്ദേശിക്കാത്ത ട്വിസ്റ്റുകളാണ് ഈ സിനിമ നല്‍കുന്നത്. സിനിമയെക്കുറിച്ചും അത് നല്‍കിയ ഗംഭീര വിജയത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ജിസ് ജോയ്, മംഗളം ഓണ്‍ലൈനിലൂടെ...
ഫീല്‍ഗുഡ് സിനിമകളില്‍ നിന്ന് വഴി മാറി ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവി, അതിനാകട്ടെ മികച്ച വിജയവും... ഈ വിജയം ആദ്യ സിനിമയായ ബൈസൈക്കിള്‍ തീവ്സുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ ?
ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ആ സിനിമ കാണുമ്പോള്‍ എന്നില്‍ നിന്നോ ആസിഫില്‍ നിന്നോ പ്രേക്ഷകര്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ടത് സ്ലീപ്പര്‍ ഹിറ്റായിരുന്നു. ഇറങ്ങി ആഴ്ചകള്‍ കൊണ്ട് പതിയെ ഹിറ്റായ സിനിമ. പറഞ്ഞും കേട്ടും അറിഞ്ഞും ആളുകള്‍ ഏറ്റെടുത്ത സിനിമ.
പക്ഷേ തലവന്‍ അങ്ങനെയല്ല. ആസിഫിന് ഒരു ഇമേജുണ്ട്, ബിജു ചേട്ടന് ഒരു ഇമേജുണ്ട്....നമ്മളില്‍ നിന്ന് പ്രേക്ഷകര്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ദിനങ്ങളില്‍ നിറയെ പ്രേക്ഷകരെ നമുക്ക് കിട്ടി. നൂണ്‍ ഷോ കഴിഞ്ഞപ്പോള്‍ റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുള്ളായി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 30 സെന്ററുകള്‍ കൂടി. സിനിമ തന്നെ സംസാരിക്കുന്ന ഭാഷയിലൂടെ വര്‍ക്കൗട്ടായ സിനിമയാണിത്. പ്രേക്ഷകര്‍ ഇത്രയും ആവേശത്തോടെ സിനിമ സ്വീകരിച്ചതില്‍ വലിയ സന്തോഷമുണ്ട്.
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറം സംവിധായകനെന്ന നിലയില്‍ മാറിയതിനെക്കുറിച്ച് ?
ഞാനതിനെ പോസിറ്റീവായിട്ടാണ് കണ്ടത്. കാരണം ഒരേ റൂട്ടില്‍ തന്നെ ഒരുപാട് ദൂരം മുന്നോട്ടു പോയിട്ട് ഇനിയങ്ങോട്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ആളുകള്‍ ഒരു കലാകാരനെയും അവന്റെ കലാസൃഷ്ടിയെയും പ്രവചിക്കുന്ന തരത്തിലേക്ക് പോകരുത് എന്നാണെനിക്ക് തോന്നുന്നത്. എപ്പോഴും നമ്മള്‍ അണ്‍പ്രഡിക്ടബിളായി നില്‍ക്കണം. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു വരുന്നതാണ് എപ്പോഴും നല്ലത്. നിരവധി സംഗതികള്‍ പരീക്ഷിക്കാനത് നല്ലതാണ്. എന്നെ സംബന്ധിച്ച് ഫീല്‍ ഗുഡ് സിനിമകള്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാം. പക്ഷേ ത്രില്ലര്‍ അങ്ങനെയല്ല. ഭയങ്കരമായിട്ട് ജോലി ചെയ്യാനുണ്ട്. ഒരു കഥയിലേക്ക് ആളുകള്‍ കയറിയാല്‍ അതു കഴിയാതെ പുറത്തിറങ്ങരുത്. സിനിമ കാണുന്നതിനിടയില്‍ മറ്റെന്തെങ്കിലും കാര്യത്തിന് പോയാല്‍ അത് ശരിക്കുമൊരു മിസ്സിംഗ് ആകണം. കുറെക്കൂടെ വലിയ ഉത്തരവാദിത്തമാണ് ത്രില്ലര്‍ ചെയ്യുക എന്നുള്ളത്.
രണ്ടു പോലീസുകാരുടെ ഈഗോ ക്ലാഷിലൂടെ തുടക്കം, അവിടെ നിന്ന് ത്രില്ലറിലേക്ക്... ഇങ്ങനെയൊരു പാറ്റേണ്‍ തെരഞ്ഞെടുത്തത് ?
ആദ്യം കഥാപാത്രങ്ങളെ എസ്റ്റാബ്ലീഷ് ചെയ്തിട്ട് കഥയിലേക്ക് പോകുന്നതാകും നല്ലതെന്നു തോന്നി. ഒരു പ്രാവശ്യം കഥയിലേക്ക് കയറിയിട്ട് പിന്നെ ഫ്ലാഷ്ബാക്ക് കാണിക്കുന്നതിലോ കഥാപാത്രങ്ങളെ എസ്റ്റാബ്ലീഷ് ചെയ്തിട്ടോ കാര്യമില്ല. അതുകൊണ്ട് കഥാപാത്രങ്ങളെ കാണിച്ച്, അവരുടെ പശ്ചാത്തലവും സ്റ്റേഷനും മറ്റും കാണിച്ച് എന്താണ് ശരിക്കുള്ള പ്രശ്നമെന്ന് പറഞ്ഞ്, അതിലൂടെ ട്വിസ്റ്റിലേക്ക് പോകുന്നതാണ് നല്ലതെന്നു തോന്നി. ഈ കഥപറച്ചില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
ആസിഫ് അലിയും ബിജു മേനോനും.... തുല്യ പ്രാധാന്യമുള്ള ഇവരുടെ കഥാപാത്രങ്ങള്‍ക്കായി നടത്തിയ മുന്നൊരുക്കങ്ങള്‍ ?
ഈ സിനിമയുടെ കഥ തിരക്കഥ എഴുതിയത് ആനന്ദും ശരത്തുമാണ്. സംഭാഷണമാണ് ഞാനെഴുതിയത്. തിരക്കഥയുമായി അവരെന്നെ സമീപിക്കുമ്പോള്‍ തന്നെ ഒരു കഥാപാത്രം ആസിഫും മറ്റേത് ബിജു ചേട്ടനും ചെയ്താല്‍ മികച്ചതാകും എന്നവരോട് പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് സിനിമയിലേക്ക് കടന്നത്. ആ കോമ്പോ പ്രേക്ഷകര്‍ മുന്‍പും അംഗീകരിച്ചിട്ടുള്ളതാണല്ലോ.
ഈ കഥയില്‍ ഒരു ഫയറുള്ളതു കൊണ്ടാണ് സിനിമ പ്രേക്ഷകര്‍ വിജയിപ്പിച്ചത്. സ്കൂള്‍ തുറക്കലും മഴയുടെ പ്രശ്നവുമൊക്കെ ഉള്ളപ്പോഴും ഈ സിനിമ ഓടുന്നത് ഈ ഫയറുള്ളത് കൊണ്ടാണ്. യഥാസമയം ഓരോ ഇടവേളകളിലും പുതിയ പുതിയ കാര്യങ്ങള്‍ ഈ സിനിമയില്‍ സംഭവിക്കുന്നുണ്ട്. സീറ്റിലേക്ക് ചാഞ്ഞിരിക്കാന്‍ ഈ സിനിമ സമ്മതിക്കുന്നില്ല. വണ്‍ലൈന്‍ കേട്ടപ്പോഴും അതേ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു എനിക്ക്.
ആസിഫിനെ ഒരു മെച്ചുവേര്‍ഡ്മാന്‍ ആക്കണം എന്നതായിരുന്നു ഞാന്‍ ആദ്യം അണ്ടര്‍ലൈന്‍ ചെയ്ത കാര്യം. അത് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ആസിഫിനോട് പോലും പറഞ്ഞില്ല. എല്ലാവരുടെയും ഉള്ളില്‍ അടുത്ത വീട്ടിലെ പയ്യനാണ് ആസിഫ് അലി. അവന്‍ ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ ഉള്‍പെടെയുള്ള നല്ല സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചു നില്‍ക്കുമ്പോഴും ആളുകള്‍ രണ്ടുമാസം കഴിഞ്ഞ് കണ്ണടച്ച് ആസിഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ വരിക സോള്‍ട്ട് ആന്‍ഡ് പെപ്പറിലൊക്കെ കണ്ട പയ്യനാണ്. അത് ഞാന്‍ ശരിക്കും ഒരു ചലഞ്ചായി ഏറ്റെടുത്തിരുന്നു. ആസിഫിന്റെ ചിരിയാണെങ്കിലും നോട്ടമാണെങ്കിലും എങ്ങനെ വേണമെന്ന് കൃത്യമായി സ്ക്രിപ്റ്റില്‍ കൊടുത്തിട്ടുണ്ടായിരുന്നു.
ബിജു മേനോന്‍ എന്ന നടന് ഏത് കഥാപാത്രവും അഭിനയിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ല. അദ്ദേഹത്തിന്റെ സ്‌റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബിജു ചേട്ടന്റെ കൂടെ ആസിഫ് നില്‍ക്കുന്നത് എനിക്ക് ചലഞ്ച് തന്നെയായിരുന്നു. ഈ കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു പരിധിവരെ ഈഗോ ക്ലാഷുണ്ട്. പിന്നെ പരസ്പരം കട്ടയ്ക്ക് നില്‍ക്കുകയും വേണം. അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു. അത് ആസിഫ് ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി ചെയ്തിട്ടുണ്ട്.
ആ കാര്യം എല്ലാവര്‍ക്കും മനസിലാകുകയും ചെയ്തു. എല്ലാ കമന്റുകളിലും ആസിഫ് അലി ഗംഭീരമാണെന്ന് പറയുന്നുണ്ട്. ബിജു ചേട്ടനെ കുറിച്ച് അങ്ങനെ പറയേണ്ട ആവശ്യമില്ല. ദാസേട്ടന്‍ നന്നായി പാടിയെന്നും മമ്മൂക്ക നന്നായി അഭിനയിച്ചുവെന്നും പറയുന്നത് പോലെയാണ് അത്.
ഡയറക്ടര്‍ എന്താണോ ഫീഡ് ചെയ്യുന്നത് അതിനേക്കാള്‍ മനോഹരമായി തിരിച്ചു തരുന്ന അഭിനേതാക്കളാണ് രണ്ടുപേരും. ഗീവ് ആന്‍ഡ് ടേക്കില്‍ വിശ്വസിക്കുന്ന, ഒപ്പമഭിനയിക്കുന്നവര്‍ക്കും സ്ക്രീന്‍ സ്പേസ് നല്‍കണം എന്നാഗ്രഹിക്കുന്ന താരങ്ങള്‍. ഇനിയും ഒരുപാട് ഊറ്റിയെടുക്കേണ്ട ഖനികളാണ് ഇവര്‍ രണ്ടുപേരും.
തലവന്‍ കണ്ടിറങ്ങിയ ആസിഫിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു, ആ തിരിച്ചുവരവ് ഈ സിനിമയിലൂടെയായതിനെക്കുറിച്ച് ?
തീര്‍ച്ചയായും. തിരിച്ചു വരവ് ഈ സിനിമയിലൂടെയായതില്‍ ഒരുപാട് സന്തോഷം. ആസിഫിന്റെ വീട്ടിലെ ഒരംഗമാണ് ഞാന്‍. ഞാന്‍ കുടുംബസമേതം അങ്ങോട്ടു പോകുകയും അവനും കുടുംബവും ഇങ്ങോട്ട് വരുകയും ചെയ്യുന്ന ഒരു ആത്മബന്ധം. അവന്റെ എ ടു ഇസഡ് കാര്യങ്ങള്‍ എനിക്കറിയാവുന്നതാണ്. സിനിമയെ ഫസ്റ്റ് പ്രയോരിറ്റിയില്‍ കാണുന്ന ഒരാളാണ് അവന്‍. അവന് ഹിറ്റുകള്‍ സംഭവിച്ചു കൊണ്ടിരിക്കണം. അതിനൊപ്പം ഹാര്‍ഡ് വര്‍ക്കും ചെയ്യുന്നുണ്ട് അവന്‍. ശാരീരിക ബുദ്ധിമുട്ട് വന്നപ്പോഴും അതൊന്നും വകവയ്ക്കാതെ കഥാപാത്രത്തിന് വേണ്ടി അവന്‍ എഫര്‍ട്ട് എടുക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോഴുള്ളതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. അത് തന്നെയായിരുന്നു എന്റെ ടെന്‍ഷന്‍. ഒരു സിനിമ ചെയ്തിട്ട് അദ്ദേഹത്തിനത് ഒരിക്കലും മോശമാകരുത് എന്നുള്ള ചിന്തയുണ്ടായിരുന്നു. നന്നാവുക എന്നതിനേക്കാളുപരി മോശമായി കുറച്ചു കൂടി ആഴത്തിലേക്ക് പോകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി ഒരുപാട് എഫര്‍ട്ട് ഇട്ടിട്ടുണ്ട്, പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാത്തിനുപരി ആ അനുഗ്രഹം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്, ഈ സിനിമയിലൂടെ എല്ലാവര്‍ക്കുമത് കിട്ടിയിട്ടുണ്ട്.
എഴുത്തില്‍ എന്തു തരം മാജിക്കാണ് ചെയ്യാറുള്ളത് ?
വേറെ സിനിമകളുടെ റഫറൻസ് എടുക്കുന്ന പതിവ് ഒരിക്കലും ഇല്ല. എഴുത്ത് എന്ന് പറയുന്നത് ഒന്ന് ഇരുന്ന് കൊടുത്താൽ വരുന്ന കാര്യമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. എവിടുന്നോ എന്തോ വരുന്നു, അല്ലെങ്കിൽ ഒരു സിറ്റുവേഷനിൽ നമ്മൾ ജീവിക്കുന്നു എന്നേയുള്ളൂ. ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അവിടെ എഴുത്തുകാരനാണ്. പ്രാർത്ഥനയോടെ പേനയുമായി ഇരിക്കുന്നു, എവിടെയോ ആരോ തോന്നിക്കുന്നത് എഴുതി പോകുന്നു. സിനിമ എടുക്കുമ്പോൾ പലതും തിരുത്തുന്നു, കുറച്ചു കൂടി മിനുക്കിയെടുക്കുന്നു എന്ന് മാത്രം. ഈ സിനിമയിൽ തന്നെ ഷൂട്ടിംഗ് തുടങ്ങിയ ശേഷം വന്ന കഥാപാത്രമാണ് ജാഫർ ഇടുക്കിയുടേത്. ആദ്യമത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.
നര്‍മ്മവേഷങ്ങള്‍ ചെയ്തവരെ സീരിയസ് കഥാപാത്രങ്ങളാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഒരു തരംഗമാണിപ്പോള്‍, കോട്ടയം നസീറിന്റെ കഥാപാത്രവും അങ്ങനെ വന്നതാണോ ?
നസീറിക്കയോട് എന്നുമെനിക്കൊരു പ്രത്യേകതയുണ്ട്. ഈ ചിരിപ്പിക്കുന്ന ആളുകളുടെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അവര്‍ക്ക് നമ്മളെ വളരെപ്പെട്ടെന്ന് പേടിപ്പിക്കാനും കഴിയും. അവരെപ്പോഴും അണ്‍പ്രെഡിക്ടബിളും ആയിരിക്കും. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. അതാണ് ഞാനിവിടെ ഉപയോഗിച്ചത്. റോഷാക്ക് എന്ന സിനിമയൊക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് നസീറിക്കയ്ക്ക് ഒരുപാടൊക്കെ ചെയ്യാന്‍ കഴിയും എന്നാണ്. ഭയങ്കരമായ ഒരു ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഇനി മുതല്‍ നസീറിക്കയുടെ പുതിയ മുഖങ്ങള്‍ പ്രേക്ഷകര്‍ കണ്ടു തുടങ്ങും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ് ഇത്രയ്ക്കും വേര്‍സറ്റാലിറ്റിയുള്ള കലാകാരനാണെന്ന് എനിക്ക് മനസ്സിലായത്.
സ്ക്രീനില്‍ ഇടയ്ക്കിടെ വന്നു പോകുന്ന ജാഫര്‍ ഇടുക്കിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടല്ലോ ?
സിനിമ മുഴുവൻ സീരിയസ് ട്രാക്കിലാണ് പോകുന്നത്. സെക്കൻഡ് ഹാഫാകുമ്പോൾ ഓഡിയൻസ് മുഴുവൻ വല്ലാത്ത പിരിമുറുക്കത്തിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് അത്തരമൊരു കഥാപാത്രത്തെ ഉൾപ്പെടുത്തിയത്. ഒരു പോയിന്റിനപ്പുറത്തേക്ക് അവർക്ക് പിടിച്ചിരിക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് ഒരു റിലാക്സോഷന് വേണ്ടി ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി 30 ദിവസം കഴിഞ്ഞപ്പോഴാണ് ഞാൻ ആ ക്യാരക്‌ടറിനെ ആഡ് ചെയ്തത്. ആദ്യം ജാഫർ ഇടുക്കിയായിരുന്നില്ല എന്റെ മനസിലുണ്ടായിരുന്നത്. നസ്‌ലെന്‍ ആയിരുന്നു ഞാൻ വിചാരിച്ചത്. ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്ത് അവൻ ഈ റോൾ ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. ആ സമയത്താണ് പ്രേമലു ഇറങ്ങുന്നത്. അത് കണ്ടപ്പോഴാണ് നസ്‌ലെന്റെ സ്റ്റാർഡം എത്ര വലുതാണെന്ന് മനസിലായത്. ഈ ചെറിയ റോളിലേക്ക് അവനെ കൊണ്ടുവരണ്ട എന്ന ചിന്തയിൽ നിന്ന് ആ ക്യാരക്‌ടറിനെ കുറച്ചുകൂടി വയസ്സനാക്കി എഴുതിയതിന് ശേഷമാണ് ജാഫറിക്കയെ ഇതിലേക്ക് കൊണ്ടുവന്നത്. ജാഫറിക്കയുടെ കഥാപാത്രത്തെക്കുറിച്ച് സിനിമയില്‍ അവിടിവിടെയൊക്കെ പറഞ്ഞു പോകുന്നുണ്ട്. അതിനു പിന്നില്‍ പല ഉദ്ദേശങ്ങളുമുണ്ട്. പ്രേക്ഷകരത് ശ്രദ്ധിച്ചിട്ടില്ല എന്നേയുള്ളൂ. അത് കാത്തിരുന്നു കാണാം. രണ്ടാം ഭാഗമൊക്കെ ഉണ്ടെങ്കില്‍ ആ കഥാപാത്രത്തിന് ഒരുപാടൊക്കെ ചെയ്യാനുണ്ട്. അത് വളരെ പ്ലാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയ ഒരു കഥാപാത്രം തന്നെയാണ്.
തലവനിലേക്ക് എത്താനുള്ളതിന്റെ പടയൊരുക്കമായിരുന്നോ ഇന്നലെ വരെ ?
ഇന്നലെ വരെ എന്ന സിനിമ ഇതിലേക്കുള്ള ഒരു പരീക്ഷണ ചിത്രം തന്നെയായിരുന്നു. ഒറ്റയടിക്ക് ഒരു ചാട്ടം ചാടാതെ പതിയെ ഈ മാറ്റം പ്രേക്ഷകര്‍ക്ക് കൊടുക്കുക എന്ന രീതിയയായിരുന്നു അത്. വളരെ ബോധപൂര്‍വ്വമുള്ള ഒരു ശ്രമം. ആ സിനിമ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്നു. തിയേറ്ററിനു പകരം ഒടിടി പ്രീമിയറായിട്ടാണത് ചെയ്തത്. എന്റെ പ്രിയപ്പെട്ട സിനിമ കൂടിയായിരുന്നു അത്.
ഒരു പരീക്ഷണ സിനിമ ചെയ്യുമ്പോഴും ആസിഫ് അലി തന്നെ മതി നായകവേഷത്തില്‍ എന്നുള്ള തീരുമാനത്തിന് പിന്നില്‍ ?
കോവിഡ് ടൈമില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു ഇന്നലെ വരെ. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വീടിനടുത്ത് തന്നെ ഷൂട്ട് ചെയ്തൊരു സിനിമ. ഇതിന്റെ പ്രാക്ടിക്കാലിറ്റി തന്നെയായിരുന്നു ആസിഫ് അതിലേക്ക് എത്തിയതിനുള്ള കാരണം. ആസിഫെനിക്ക് എപ്പോഴും റീച്ചെബിളായ ഒരു അഭിനേതാവാണ്. മറ്റേതൊരു അഭിനേതാവിന്റെയടുത്ത് പോയാലും ഒരുപക്ഷേ ഞാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. ഇന്നലെ വരെ പോലെയൊരു സിനിമ കോവിഡ് സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നെയതിനൊരു കാര്യവുമില്ല. അതു കഴിഞ്ഞാല്‍ പിന്നെ ആ സിനിമയ്ക്ക് യാതൊരു റിലവന്‍സും കാണില്ല. അതു മനസ്സില്‍ കണ്ട് ആസിഫിനെ തെരഞ്ഞെടുത്തു എന്നു മാത്രം.
സിനിമകളുടെ രണ്ടാം ഭാഗം കൊണ്ടുവരുക എന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്, തിരക്കഥ എഴുതുമ്പോള്‍ തന്നെയിതിന്റെ രണ്ടാം ഭാഗവും മനസ്സിലുണ്ടായിരുന്നോ ?
അതുകൊണ്ടാണല്ലോ അങ്ങനെ തന്നെ അവസാനിപ്പിച്ചത്. ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയില്‍ ഇനിയും പറയാനുണ്ട്. സിനിമ ശരിക്കുമൊരു കൊമേഷ്യല്‍ ബിസിനസ്സാണല്ലോ. ഞങ്ങളത് എഴുതിക്കാണിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, എഴുതികാണിക്കല്‍ എല്ലാവരുമിപ്പോള്‍ ചെയ്യുന്നതാണ്. ഇത് പ്രേക്ഷകര്‍ ചോദിക്കണം. പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് രണ്ടാം ഭാഗത്തിന് സ്പേസ് ഉണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അപ്പോള്‍ മാത്രം ഇതിനെക്കുറിച്ചു സംസാരിക്കാം എന്നു കരുതി. പ്രീ റിലീസ് അഭിമുഖങ്ങളിലൊന്നും ഞങ്ങളാരും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
സിനിമ തിയേറ്ററിലെത്തി പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞങ്ങളിതിനെക്കുറിച്ച് പറഞ്ഞത്. കൃത്യമായ പ്ലാനിംഗോടെ ചെയ്തതാണത്. സിനിമ റിലീസാകുന്നതു വരെ ഇത് വിജയിക്കുമോ ഇല്ലയോ എന്ന് നമുക്കുറപ്പില്ലല്ലോ. മോശമല്ലാത്ത സിനിമയാണ് ചെയ്തിരിക്കുന്നതെന്ന് അറിയാം. പക്ഷേ വിജയ പരാജയങ്ങള്‍ നമ്മുടെ കൈയിലല്ലല്ലോ. സിനിമ തീര്‍ന്നു കഴിയുമ്പോള്‍ ‘തലവന്‍ 2’ എന്നെഴുതി കാണിച്ചാല്‍ നമ്മളത് ചെയ്യാന്‍ ബാധ്യസ്ഥരായിപ്പോകും. സിനിമ ഒരു തമാശക്കളിയല്ല. സിനിമ വിജയിച്ചാല്‍ പ്രേക്ഷകരത് ചോദിക്കണം. ആ വിജയമാകണം തലവന്‍ 2 ന്റെ ഫസ്റ്റ് സ്റ്റെപ്പ്. അതായിരുന്നു ഞങ്ങളുടെ ആറ്റിറ്റ്യൂഡ്. ദൈവകൃപ കൊണ്ടും പ്രേക്ഷകരുടെ അനുഗ്രഹം കൊണ്ടും അത് വര്‍ക്കൗട്ടായി.
കണ്‍വിന്‍സ്ഡ് ആയ സ്ക്രിപ്റ്റുമായി മാത്രമേ ഷൂട്ടിന് പോകുകയുള്ളൂ. ഇതുവരെ എല്ലാ സിനിമകളും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. രണ്ടാം ഭാഗത്തിന് ഉത്തരവാദിത്തം കൂടുതലാണ്. അത് പോസിറ്റീവായി മാത്രമാണ് ഞാനെടുക്കുന്നത്. പ്രേക്ഷകര്‍ കൂടുതലായി പ്രതീക്ഷിക്കുമ്പോള്‍ കൂടുതല്‍ വര്‍ക്കു ചെയ്യേണ്ടി വരും, അത് സിനിമയെ മികച്ചതാക്കും.
കൂടുതല്‍ എഫര്‍ട്ട് എടുക്കേണ്ടി വരുന്നത് ഫീല്‍ ഗുഡ് സിനിമകള്‍ക്കാണോ ത്രില്ലര്‍ ജോണര്‍ സിനിമകള്‍ക്കാണോ ?
രണ്ടിനും ബുദ്ധിമുട്ടുണ്ട്. ഫീല്‍ ഗുഡ് സിനിമകളുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഓരോ സീനും പുതിയതായിരിക്കണം എന്നതാണ്. ത്രില്ലറിന്റെ ഗുണം ഒരു കുറ്റാന്വേഷണത്തില്‍ നമ്മള്‍ ലോക്കാണെങ്കില്‍ അടുത്തതെന്തെന്ന് കൃത്യമായി ചെയ്യാനറിയാം എന്നതാണ്. ഫീല്‍ഗുഡ് അങ്ങനെയല്ല, ഒരു സീന്‍ ചീറ്റിപ്പോയാല്‍ സിനിമ തണുത്തു പോകും. ഒന്നില്‍ നിന്ന് ഒന്നിലേക്ക് കണക്ടായി, ഓരോ സീനും ഫ്രഷായിട്ടിരിക്കണം.
പ്രേമലു എന്ന സിനിമയെടുത്തു നോക്കിയാലറിയാം, ആ സിനിമ ഒരു പ്രണയ സിനിമയായി കരുതിയാല്‍ പോലും ഓരോ സീനും പുതിയതാണ്. പുതുമ കൊണ്ടു വന്ന കൈയടിയും വിജയവുമാണ് ആ സിനിമയ്ക്ക് കിട്ടിയത്. കല്യാണവീട്ടിലേക്ക് അമിത വേഗത്തില്‍ കാറോടിച്ചു വന്ന് പ്രതിമ ഇടിച്ചിടുന്ന സീനാണെങ്കിലും തലയില്‍ കോഴിയുടെ പ്രതിമ വച്ച് വിളമ്പാന്‍ നില്‍ക്കുന്നതാണെങ്കിലും അവസാന സീനില്‍ കാറില്‍ കൈ കറക്കി വരുന്ന ഗുണ്ടകളാണെങ്കിലും ഓരോ സീനിലും അവര്‍ പുതുമ കൊണ്ടു വന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമ കൊണ്ടുവരുക എന്നതാണ് ഫീല്‍ ഗുഡ് സിനിമകളുടെ പ്രത്യേകത. ഏതു തരം സിനിമ ചെയ്യുമ്പോഴും യൂണീക്കായി അവതരിപ്പിക്കുക എന്നതാണ് കാര്യം. അതല്ലാത്ത ഒന്നിനും ഇനിയിപ്പോള്‍ നിലനില്‍പ്പില്ല. കോര്‍ ഐഡിയ മാത്രമല്ല ഓരോ സീനുകളും പുതുമ നിറഞ്ഞതായിരിക്കണം.
തലവനില്‍ ഏറ്റവും അടുപ്പം തോന്നിയ, അല്ലെങ്കില്‍ ഫേവറൈറ്റ് സീനുകളുണ്ടോ ?
ഒരുപാടുണ്ട്. സീന്‍ ഓര്‍ഡറിലാണ് സിനിമ മുഴുവന്‍ ചെയ്തത്. ബിജു ചേട്ടനും ആസിഫുമായിട്ടുള്ള ഈഗോ എസ്റ്റാബ്ലീഷ് ചെയ്യുന്ന സീനുണ്ടല്ലോ, അത് വര്‍ക്കൗട്ടായപ്പോള്‍ മുതല്‍ ഞാന്‍ ഹാപ്പിയായി. ഈ കോമ്പിനേഷന്‍ വര്‍ക്കൗട്ടായിത്തുടങ്ങി എന്നെനിക്ക് പിടികിട്ടി. ആസിഫ്, ബിജുചേട്ടനൊപ്പം എത്തുന്നു എന്ന ധൈര്യം കിട്ടിയത് ആ സീനിലൂടെയാണ്. ചോദ്യം ചെയ്യല്‍ സീനുകള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. സാധാരണ ചോദ്യം ചെയ്യല്‍ ഫോര്‍മാറ്റില്‍ തന്നെ ചെയ്ത 11 മിനിറ്റുള്ള ആ സീന്‍, ലെങ്ത് ഫീല്‍ തോന്നാതെയാണ് ചെയ്തത്. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടതാണ്. വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സീനുകള്‍ എല്ലാ സിനിമകളിലുമുണ്ടാകും. മനസ്സിലുള്ള എല്ലാ വിഷമങ്ങളും സന്തോഷങ്ങളും മാറ്റി വച്ച് സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ചില നിമിഷങ്ങളുണ്ട്. അപ്പോഴെടുക്കുന്ന എല്ലാ സീനുകളും ഒരു സംവിധായകന് പേഴ്സണല്‍ ഫേവറൈറ്റ് തന്നെയായിരിക്കും.
ക്ലൈമാക്സില്‍ ഇത്തരമൊരു ട്വിസ്റ്റ് കൊണ്ടുവന്നതില്‍ പ്രത്യേകം എഫര്‍ട്ട് എടുത്തിരുന്നോ ?
ഉറപ്പായും. തിരക്കഥയിലും എക്സിക്യൂഷനിലും നമ്മളിനി എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ക്ലൈമാക്സ് പാളിയാല്‍ പാളിയല്ലോ. എന്തിന്, ആര് ചെയ്തു എന്നതിന് പ്രേക്ഷകരെ ഏറ്റവും കണ്‍വിന്‍സിംഗാക്കുന്ന കാരണം തന്നെ ക്ലൈമാക്സില്‍ കൊണ്ടുവരണം. കറക്ട് സമയത്ത് ഓരോ സീനും മാറി മാറി വരണം. ക്ലൈമാക്സില്‍ ആക്ഷന്‍, സംഭാഷണങ്ങള്‍, മാനറിസങ്ങള്‍, ഇമോഷന്‍സ്...എന്നിങ്ങനെ എല്ലാ ഡിപ്പാര്‍ട്ടുമെന്റും ഒരുപോലെ വര്‍ക്കു ചെയ്യണം. അതെല്ലാം ഒത്തു വന്നപ്പോള്‍ ക്ലൈമാക്സ് മികച്ചതായെന്നു മാത്രം. വണ്‍ലൈന്‍ ശരത്തും ആനന്ദും പറയുന്ന സമയത്തു തന്നെ ക്ലൈമാക്സില്‍ ഞാന്‍ എക്സൈറ്റഡായിരുന്നു. ഇതേ വണ്‍ലൈന്‍ കേട്ടിട്ടു തന്നെയാണ് ആസിഫും ബിജുചേട്ടനും ഡേറ്റ് തന്നത്.
തുടക്കത്തില്‍ അല്ലു അര്‍ജുന്റെ വോയിസും, താരത്തിന് പ്രത്യേക നന്ദിയും... അല്ലു അര്‍ജുന്‍ സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകര്‍ ചിന്തിച്ചിരുന്നു ?
എന്റെ എല്ലാ സിനിമകളിലും വാണിംഗ് കാര്‍ഡ് പറയുന്നത് ഞാനാണ്. ഇതിലാണ് അത് ഏറെ ശ്രദ്ധിക്കപ്പെട്ടതെന്നു മാത്രം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറിലുള്ള സിനിമയായതു കൊണ്ടാകാം പ്രേക്ഷകര്‍ അങ്ങനെയൊരു സര്‍പ്രൈസ് എന്‍ട്രി പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.
ത്രില്ലര്‍ ജോണര്‍ സിനിമകളില്‍ സാധാരണയായി പാട്ടുകള്‍ ഉണ്ടാവില്ല, ഇതില്‍ ബിജു മേനോന്റെ ശബ്ദത്തിലൊരു പാട്ടും വന്നല്ലോ ?
പാട്ടുണ്ടാകണമെന്ന ചിന്ത സിനിമ ചെയ്യുമ്പോള്‍ തന്നെയുണ്ടായിരുന്നു. ട്യൂണ്‍ ഏതു വേണമെന്നുള്ളതു മാത്രം എഡിറ്റ് കഴിഞ്ഞ് ഷോട്ട്സ് വച്ചു നോക്കിയിട്ട് ചെയ്തതാണ്. കട്ടിയുള്ള വോയിസ് വേണമെന്നുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെ സംസാരിച്ചപ്പോള്‍ സുഹൃത്തും സംഗീത സംവിധായകനുമായ ദീപക് ദേവാണ് ബിജു ചേട്ടന്റെ പേരു പറഞ്ഞത്. ആദ്യം ബിജു ചേട്ടന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞിരുന്നു, പക്ഷേ ഞങ്ങള്‍ കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ബിജു ചേട്ടന്‍ സമ്മതിച്ചു തന്നതാണ്. ആ സിറ്റ്വവേഷനിലേക്ക് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കയറിച്ചെല്ലാന്‍ ആ പാട്ട് ഏറെ സഹായിച്ചിട്ടുണ്ട്. പലരുമത് കമന്റും ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിനെ കണ്ടതും ആദ്യമായി സംസാരിച്ചതും ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സമ്പത്താണല്ലോ, ലാലേട്ടനൊപ്പമുള്ള സിനിമ എപ്പോഴാണുണ്ടാവുക ?
കിരീടം സിനിമാബുക്കില്‍ ലാലേട്ടന്റെ ഓട്ടോഗ്രാഫ് വാങ്ങിയതും, ഒപ്പം സഞ്ചരിച്ചതും, തന്ന കരുതലുകളും, ഇത്തിക്കര പക്കിയുടെ കോസ്റ്റ്യൂം കണ്ടിട്ട് എങ്ങനെയുണ്ടെന്ന് എന്നെപ്പോലെയുളള ഒരു സാധാരണക്കാരനായ സംവിധായകനെ കാണിച്ചു തന്നതുമടക്കം അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും മനസ്സില്‍ സ്വര്‍ണ്ണലിപികളില്‍ കോറിയിടുന്നതാണ്. ലാലേട്ടനൊപ്പമുള്ള സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നുണ്ട്. ഫ്രഷ് ജോണറിലുള്ള സിനിമയാണ് മനസ്സില്‍. മമ്മൂക്കയെ വച്ചും ലാലേട്ടനെ വച്ചുമുള്ള സിനിമകള്‍ മനസ്സില്‍ ആലോചിച്ചിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണിപ്പോള്‍. ഉടനീളം പറയാവുന്ന അവസ്ഥയിലേക്ക് വരുന്നതേയുള്ളൂ. ഇവരെ രണ്ടുപേരയെും വച്ച് സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹം തന്നെയാണ്.
താരരാജാക്കന്മാരുടെ കൂടെയൊരു സിനിമ എന്ന് ചിന്തിക്കുമ്പോള്‍ ടെന്‍ഷനുണ്ടോ ?
ടെന്‍ഷനില്ല. ഡയറക്ട് ചെയ്യാന്‍ പോകുന്ന ആള്‍ എപ്പോഴും അഭിനേതാക്കള്‍ക്ക് മുകളിലായിരിക്കണം. ആക്ടറിന്റെ താഴേക്ക് ഡയറക്ടര്‍ പോയാല്‍ പിന്നെയൊരു സജഷന്‍ പോലും പറയാന്‍ കഴിയില്ല. അഹങ്കാരം കാണിക്കണം എന്നല്ല അതിന്റെയര്‍ത്ഥം. എത്ര വലിയ അഭിനേതാക്കളാണ് സിനിമയിലുള്ളതെങ്കിലും ഡയറക്ടറാണ് ഒരു സിനിമയുടെ ക്യാപ്റ്റന്‍. ആ ഒരു ആറ്റിറ്റ്യൂഡ് വച്ചിട്ടില്ലായെങ്കില്‍ അവരെ കറക്ട് ചെയ്യാന്‍ നമുക്കാവില്ല. അവര്‍ പറയുന്നതിനൊക്കെ ഒ.കെ പറയേണ്ടി വരും. നമ്മളാഗ്രഹിക്കുന്ന സംഗതിയിലേക്ക് വരണമെങ്കില്‍ ക്യാപ്റ്റനായേ മതിയാകൂ. അഭിനേതാക്കള്‍ക്കും അങ്ങനെയുള്ള ഡയറക്ടേഴ്സിനെയാണ് ഇഷ്ടം. അമിത വിനയം കാണിക്കുന്നവരെ അവര്‍ക്കും താത്പര്യം കാണില്ല.
ഈ വിജയത്തില്‍ സുഹൃത്തുക്കളും കുടുംബവും തരുന്ന പ്രതികരണങ്ങള്‍ ?
വിജയത്തില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. എന്റെ എല്ലാ സിനിമകളും റിലീസാകും മുമ്പ് സുഹൃത്തുക്കളെ കാണിക്കാറുണ്ട്. ദീപക് വര്‍ക്ക് ചെയ്യുന്ന സിനിമകള്‍ ദീപക്കിനെ കാണിക്കാറുണ്ട്. എന്നാല്‍ എന്റെ എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും മുമ്പ് ഞാന്‍ കാണിക്കുന്നത് അജിത്ത് പിള്ളയാണ്. മോസയിലെ കുതിരമീനുകള്‍ സംവിധാനം ചെയ്ത, എന്റെ ബൈസൈക്കിള്‍ തീവ്സിന് കഥാകൃത്തായ അജിത്ത് എന്റെ എല്ലാ സിനിമകളും ആദ്യം കാണാറുണ്ട്. തുടങ്ങും മുമ്പ് സ്ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കും, എഡിറ്റ് ഫസ്റ്റ് കാണുന്നതും അജിത്താണ്. ഒരുപാട് സജഷന്‍സും കറക്ഷന്‍സും പറയാറുണ്ട്. അതെല്ലാം ഞാന്‍ ഉള്‍ക്കൊള്ളാറുമുണ്ട്. ഇവരെ വലിയ ആളുകളായി മനസ്സില്‍ കാണുന്നത് കൊണ്ട് ഇവര്‍ പറയുന്നതിനും വലിയ വില കൊടുക്കാറുണ്ട്. ലൊക്കേഷനില്‍ മിക്കപ്പോഴും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ പ്രസന്‍സ് ഉണ്ടായിരുന്നതു കൊണ്ട് ഈ ജോണറിലുള്ള സിനിമ എടുത്തപ്പോഴും ഒട്ടും ടെന്‍ഷനോ സ്ട്രെസ്സോ വന്നിട്ടില്ല.
കുടുംബത്തിന്റെ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ്. ഒരു ജോണറിൽ തന്നെ സിനിമ ചെയ്തു പോകാതെ മാറ്റി ചെയ്യുന്നത് അവർക്കും വലിയ സന്തോഷമാണ്. എന്റെ സിനിമ റിലിസാകുന്നതിന് ഒരു മാസം മുൻപ് ഞാനവരെ എല്ലാ സിനിമയും കാണിക്കാറുണ്ട്. സെൻസർ ചെയ്യും മുൻപ് അവരെ കാണിക്കും. ഭാര്യയുടേയും മക്കളുടെയുമൊക്കെ അഭിപ്രായങ്ങൾ കേൾക്കാറുണ്ട്, പരിഗണിക്കാറുണ്ട്. അതും കൂടി ഉൾകൊള്ളിച്ചാണ് ഫൈനൽ തയ്യാറാക്കുന്നത്. മോൻ എട്ടിലാണ് പഠിക്കുന്നത്, മോൾ നാലിലും. ചെറിയ പ്രായം ആണെങ്കിലും അവരും എല്ലാ സിനിമകളും കാണും. നല്ല അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്താറുമുണ്ട്.
പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ളത് ?
നല്ല സിനിമ കാണണമെങ്കില്‍ മറ്റേതൊരു റിവ്യൂവിനേക്കാള്‍ നല്ലത് പ്രേക്ഷകന്റെ റിവ്യൂ ആണ്. ഉറപ്പായും അത് സർക്കുലേറ്റ് ചെയ്യുകയും വേണം. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നുള്ളത് നിങ്ങൾ തന്നെ കണ്ട് വിലയിരുത്തി നോക്കുക. മറ്റൊരാൾക്ക് ഇഷ്ടപെട്ട സിനിമ നമുക്കിഷ്ടപ്പെട്ട സിനിമയാകണമെന്നില്ല, അത് തിരിച്ചും അങ്ങനെ തന്നെ. സിനിമ എപ്പോഴും തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ്. അങ്ങനെ വിജയപ്പിക്കേണ്ടതാണത്. അല്ലാതെ കാണുന്നത് ഒരു വാല്യൂ ആഡഡ് പ്രോസസ്സ് മാത്രമാണ്. കഥ മനസിലാക്കാൻ പറ്റുന്ന ഒരു മാർഗം മാത്രമാണത്. തൊട്ടടുത്ത ഇരിക്കുന്ന ആളുകളുടെ ചിരി, കരച്ചിൽ, നെടുവീർപ്പ്, കൈയടി... അങ്ങനെ എല്ലാം സിനിമയുടെ ഭാഗങ്ങളാണ്. പാർക്കിൽ പോയിരിക്കുന്ന അനുഭവം അല്ലല്ലോ വീട്ടിലെ പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ കിട്ടുന്നത്. അതുപോലെ തന്നെയാണിത്. അതുകൊണ്ട് പറ്റാവുന്നത്ര സിനിമകൾ തിയേറ്ററിൽ തന്നെ പോയി കാണുക.
പുതിയ പ്രൊജക്ടുകളെക്കുറിച്ചുള്ള ആലോചനകള്‍ ?
ഇതുവരെ ഒന്നും അങ്ങനെ ചെയ്യുന്നില്ല. നിലവിൽ ഈ സിനിമയുടെ വിജയം ആസ്വദിക്കുകയാണ്. ഈ സിനിമയുടെ ഒപ്പം നടക്കുകയാണ് ഞാനും തലവന്‍ ടീമും. ഒരു സിനിമയുടെ വിജയം ശരിക്കും ആസ്വദിച്ച ശേഷമേ ഞാനടുത്ത സിനിമ ചെയ്യൂ. ഈ മൊമെന്റ് ശരിക്കും ആസ്വദിക്കാനാണ് എനിക്കിഷ്ടം. പിന്നീടിത് കിട്ടില്ലല്ലോ. ഈ വിജയത്തിനൊപ്പം നടക്കുമ്പോൾ പലതും അറിയാനും പഠിക്കാനും പറ്റും. അത് തരുന്ന കാഴ്ചപ്പാട് അടുത്ത സിനിമ ചെയ്യുമ്പോൾ ഒരുപാട് സഹായിക്കും. തിയേറ്ററിൽ ടിക്കറ്റ് മുറിച്ച് കൊടുക്കാൻ നില്‍ക്കുന്ന ആളോ, ഡോർ തുറക്കാൻ നിൽക്കുന്ന ആളോ പറയുന്ന ഒരു കമന്റു്, ചിലപ്പോഴത് ഫോർമാറ്റിനെ കുറിച്ചാകാം, ചിലപ്പോൾ ലെൻസിങ്ങിനെ കുറിച്ചോ കളറിങ്ങിനെ കുറിച്ചോ ആകാം. എന്ത് തന്നെയായാലും തിയേറ്ററിൽ നിൽക്കുന്നവൻ പറയുന്ന പല കാര്യങ്ങളും നമ്മൾ ഗൗരവത്തോടെയെടുക്കണം. അതെല്ലാം അടുത്ത സിനിമ ചെയ്യുമ്പോള്‍ ഗുണകരമാകും. ഒരുപാട് സിനിമകള്‍ ചെയ്യുക എന്നതിലല്ല, പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന സിനിമകള്‍ ചെയ്യുക എന്നതിലാണ് കാര്യം.
ഗുണമില്ലാത്ത കുറെ സിനിമകൾ ചെയ്താൽ അധികം ചെയ്യാനും പറ്റില്ല. അത്രയ്ക്കും ടഫ് കോമ്പറ്റിഷൻ ആണിപ്പോൾ. വലിയ ഡയലോഗ് ഒന്നും അടിക്കാതെ നല്ല സിനിമകൾ ചെയ്യുക, പുതുമ നിറഞ്ഞ അതുല്യമായ വിഷയങ്ങൾ കണ്ടെത്തുക, അത് നന്നായി എക്സിക്യൂട്ട് ചെയ്യുക. കാരണം എന്നും എപ്പോഴും പ്രേക്ഷകർ തന്നെയാണ് രാജാവ്. അത് സംശയമില്ലാത്ത കാര്യമാണ്.