
കൊച്ചി: കുവൈറ്റില് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പത്തുമണിയോടെ നെടുമ്പാശ്ശേരിയില് എത്തിച്ചേരും. ഏറ്റുവാങ്ങുതിനായി എല്ലാ നടപടികളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 10.30യോടെ മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് ഉമേഷും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്ന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങുക.!
പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില് 45 മൃതദേഹങ്ങളും വഹിച്ചാണ് വിമാനം കൊച്ചിയിലെത്തുക. ഇതില് 23 ശരീരങ്ങള് മലയാളികളുടേതാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള് രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കും.
അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിവരിൽ മലയാളികൾ 23, തമിഴ്നാട്- ഏഴ്, ഉത്തർപ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാർ- രണ്ട്, ഓഡീഷ- രണ്ട്, ജാർഖണ്ഡ്- ഒന്ന്, കർണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന് എന്നിങ്ങനെയാണ്. അതിനിടയില് മരണ സംഖ്യ 50 ആയെന്നും ഒരു ഇന്ത്യാക്കാരന് കൂടിയും മരണമടഞ്ഞതായി കുവൈറ്റ് മാധ്യമങ്ങൾ പറഞ്ഞു. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്.
അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്ക് പുറപ്പെടാൻ യാത്രാ അനുമതി നിഷേധിച്ചതിലും മന്ത്രി പ്രതികരിച്ചു. ദുരന്തമുഖത്ത് നിൽകുമ്പോൾ ഇത്തരം നടപടി വേണ്ടായിരുന്നു. അവിടെ എത്തിയിരുന്നെങ്കിൽ കുറച്ചൂടെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തീപിടിത്തതിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കി.
ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.







Comments