
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്ത്രീകളുടെ ടോയ്ലറ്റുകള്ക്ക് മുന്പില് പ്രത്യേക ടൈമറുകള് സ്ഥാപിച്ച ഒരു ചൈനീസ് വിനോദ സഞ്ചാര കേന്ദ്രമാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ടോയ്ലെറ്റുകള്ക്ക് മുന്പില് ആളുകള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഒരു സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ വിനോദസഞ്ചാരികള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.
വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ യുന്‍ഗാങ് ഗ്രോട്ടോസ് കേവ് സമുച്ചയത്തിലാണ് ഇത്തരത്തില്‍ ടൈമര്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 1600 വര്‍ഷത്തെ കാലപ്പഴക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള യുന്‍ഗാങ് ഗ്രോട്ടോസ് കേവ് സമുച്ചയം ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. ജൂണ്‍ ആദ്യവാരമാണ് ഇവിടെ നിന്നുമുള്ള ഒരു വീഡിയോ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ടോയ്ലെറ്റുകളുടെ വാതിലില്‍ പ്രത്യേക ടൈമര്‍ ഘടിപ്പിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
ടോയ്ലെറ്റിനുള്ളില്‍ ആളുള്ളപ്പോള്‍ ടൈമര്‍ ചുമപ്പ് സിഗ്നല്‍ നല്‍കുകയും എത്ര സമയമായി കയറിയ വ്യക്തി അത് ഉപയോഗിക്കുകയാണ് എന്ന് കാണിക്കുകയും ചെയ്യും. ഉള്ളില്‍ ആളില്ലാത്തപ്പോള്‍ പച്ച സിഗ്നല്‍ കാണിക്കുകയും ചെയ്യും. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ടോയ്ലെറ്റുകളുടെ അപര്യാപ്തതയും പലപ്പോഴും നീണ്ട ക്യൂവിന് കാരണമാകുന്നുണ്ടെന്നും അത് പരിഹരിക്കുന്നതിനാണ് ടൈമറുകള് സ്ഥാപിച്ചതെന്നുമാണ് അധികൃതരുടെ വാദം. എന്നാല്‍, ഒരാളുടെ സ്വകാര്യത നഷ്ടപ്പെടും എന്നതല്ലാതെ ടൈമര്‍ സ്ഥാപിച്ചതുകൊണ്ട് മറ്റ് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല എന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്.
പോസ്റ്റ് വൈറലായതോടെ നെറ്റീസണ്സും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തി. ടോയ്ലെറ്റില് കയറുന്ന വ്യക്തികള്‍ക്ക് പ്രത്യേകം സമയ നിയന്ത്രണങ്ങള്‍ വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടോയ്ലെറ്റില് കയറിയിരുന്ന് ഫോണ്‍ നോക്കിയും മറ്റും സമയം കളയുന്നവരെ നിയന്ത്രിക്കാന്‍ ഈ ടൈമര്‍ ഉപകരിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ആളുകള്‍ പ്രതികരിച്ചു. ക്യൂ നില്ക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കൂടുതല്‍ ടോയ്ലെറ്റുകള് നിര്‍മിച്ച് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.






