
ഈ ലോകത്ത് ഒട്ടനവധി ദ്വീപുകളുണ്ട്. ഓരോ ദ്വീപും ഓരോ പ്രത്യേകതകള്ക്കൊണ്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദ്വീപിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കാരണം ഈ ദ്വീപ പേരുകേട്ടിരിക്കുന്നത് ഭയത്തിനാണ്. ഓരോ ദിവസം വലിയ പേടിയോടെയാണ് ഈ ദ്വീപിലെ ജനങ്ങള്‍ ജീവിക്കുന്നത്. പറഞ്ഞുവരുന്നത് ദക്ഷിണ കൊറിയയിലെ യോണ്‍പിയോങ് ദ്വീപിനെ കുറിച്ചാണ്.
ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ നിന്നും വെറും 3 കിലോമീറ്റര്‍ അകലെ മാത്രമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പേടി കാരണം തങ്ങള്‍ക്ക് ശരിക്കൊന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. എപ്പോള്‍ വേണമെങ്കിലും ശത്രുരാജ്യം ആക്രമിച്ചേക്കാം എന്ന ഭയത്തോടെയാണത്രേ ഇവിടുത്തെ ആളുകള്‍ ജീവിക്കുന്നത്.
ശാന്തമായി പോയിക്കൊണ്ടിരിക്കുകയായിരുന്ന ദ്വീപില്‍ ജനുവരി മാസം പ്യോങ്യാങ് ആക്രമണം നടത്തിയതോടെയാണ് ഈ പേടിയുണ്ടായി വന്നത് എന്നാണ് ദ്വീപില്‍ കഴിയുന്നവര്‍ പറയുന്നത്. അന്ന് ജനങ്ങള്‍ക്ക് ദ്വീപിലെ ബോംബ് ഷെല്‍ട്ടറുകളില്‍ ഒളിച്ചിരിക്കേണ്ടി വന്നു. ആ ആക്രമണം തനിക്ക് മറക്കാന്‍ സാധിച്ചിട്ടില്ല എന്ന് ജംഗ് യൂന്‍ ജിന്‍ എന്ന യുവതി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'രാത്രിയില്‍, ഒരു ചെറിയ ശബ്ദമുണ്ടായാല്‍ പോലും അതെന്നെ ഉത്കണ്ഠാകുലയാക്കുന്നു' എന്നാണ് അവള് പറഞ്ഞത്. എന്തും സംഭവിക്കാം എന്ന പേടിയുള്ളതിനാല്‍ ഉറങ്ങുമ്പോള്‍ ലൈറ്റ് പോലും ഓഫാക്കാതെയാണ് ഉറങ്ങുന്നത് എന്നും അവള് പറഞ്ഞു.
2010 -ലെ ആക്രമണത്തെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ എട്ട് സ്റ്റേറ്റ് ബങ്കറുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്കും രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ഒരാഴ്ചത്തെ ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഗ്യാസ് മാസ്കുകള്‍, ബെഡ്ഡിംഗ് ഷവറുകള്‍, പുറത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണിക്കുന്ന സ്ക്രീന്‍ എന്നിവയെല്ലാം ബങ്കറില്‍ ഒരുക്കിയിട്ടുണ്ട്.






