
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതു പ്രവര്‍ത്തികളെയും തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മുഖം നോക്കാതെ നടപടിയെടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാനും ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സണ്ണിജോസഫ് എംഎല്‍എ യുടെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തലശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും എക്സ്പ്ളോസീവ് സബ് സ്റ്റാന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ 16 പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പറയുന്നു. ചൊവ്വാഴ്ച 12 മണിയോടെ വീടിന് സമീപത്തെ ആഴൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം പരിശോധിക്കുന്നതിനിടയിലാണ് അത് പൊട്ടിത്തെറിച്ച് കണ്ണൂര്‍ കുടക്കളം സ്വദേശി വേലായുധന് മരണമടഞ്ഞത്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനപടികളും നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






