
കൊച്ചി: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' ഓര്‍ഡിനറി ബസുകള്‍ വഴി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് ദുരിതമേറുന്നു. വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തുന്നതിനെകുറിച്ച് ചിന്തിക്കുന്നവര്‍ ഏറെയാണ്.
എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുടമകള്‍ താത്ക്കാലികമായി സര്‍വീസ് നിര്‍ത്തുന്നതിനുള്ള 'ജി ഫോം' ആര്‍ടിഒയ്ക്ക് നല്‍കിയതായി വിവരമുണ്ട്.അറ്റകുറ്റപ്പണി എന്നാണ് കാണിച്ചിട്ടുള്ളത്. പക്ഷേ സര്‍വീസ് നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് വിവരമുണ്ട്. സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ചെലവുകള്‍ പോയശേഷമുള്ള ദിവസ വരുമാനം 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയും കണക്കാക്കിയാണ് ഈ നീക്കം. സര്‍വീസ് നിര്‍ത്തുന്നത് ഔദ്യോഗികമായി രേഖപ്പെടുത്താന്‍ കഴിയാത്തതിനാലാണ് അറ്റകുറ്റപ്പണി എന്ന് കാണിച്ചിരിക്കുന്നത്. ചില ബസുകള്‍ യാത്രക്കാര്‍ തീരെയില്ലാത്ത ഉച്ചയ്ക്കത്തെ സര്‍വീസുകള്‍ മുടക്കുന്ന ശീലമുണ്ട്.
ഇങ്ങിനെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പിഴയുമിടുന്നുണ്ട്. എറണാകുളത്തെ ഒരു ബസിന് പെര്‍മിറ്റ് ലംഘനം ആരോപിച്ച് 7500 രൂപ പിഴയിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ പുരുഷന്മാര്ക്ക് സൗജന്യയാത്ര നല്കിയ ലിറ്റില്‍ ഫ്ളവര്‍ ബസിനാണ് പിഴയിട്ടത്.






