
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും വന്‍ പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തി പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ ബോര്‍ഡ് വലിച്ചെറിയുകയും ഉദ്യോഗസ്ഥരെ പൂട്ടിയിടുകയും ചെയ്തു. തിരുവനന്തപുരത്തിന് പുറമേ കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ കെ.എസ്.യു. വും മലപ്പുറത്ത് എംഎസ്എഫും പ്രതിഷേധവുമായി എത്തി.
തിരുവനന്തപുരത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവര്‍ത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി ബലപ്രയോഗത്തിലൂടെ മാറ്റി. എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയ പൂട്ട് ഇവര്‍ തകര്‍ക്കുകയും ചെയ്തു.
മലബാര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ച മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ബാഹ്യപ്രേരണയിലുള്ള സമരത്തിന് പകരം കണക്കുകള്‍ വെച്ച് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
മലപ്പുറത്തെ ആകെ ഒഴിവുകള്‍ 21,550 ആണ്. 11,083 അണ് എയ്ഡഡ് സീറ്റുകള്‍ ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2954 സീറ്റുകള്‍ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോള്‍ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു






