
മലയാളത്തിലെ നിത്യഹരിത ക്ലാസിക്ക് ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’. അതിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം സിനിമാസ്വാദകര്‍ക്ക് മനപ്പാഠമാണ്. റിലീസ് ചെയ്തു ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുമ്പോഴും 'മണിച്ചിത്രത്താഴി'നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഈ സിനിമയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം ശോഭനയുടേതായിരുന്നു. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ ശോഭന നേടിയതാണ്. ഇതിനെ സംഭാഷണങ്ങളും സീനുകളും പാട്ടുകളും മാത്രമല്ല സിനിമയിലെ കോസ്റ്റ്യൂമുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഫാസിലിന്റെ എല്ലാ ചിത്രങ്ങളിലും എന്ന പോലെ ‘മണിച്ചിത്രത്താഴി’ലെ കോസ്റ്റ്യൂമുകള്ക്കും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. വേലായുധന് കീഴില്ലമാണ് സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതെങ്കിലും ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു.
ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ലെ ഗംഗയുടെ കോസ്റ്റ്യൂമുകള്‍ തെരഞ്ഞെടുത്തില്‍ ശോഭനയ്ക്കുള്ള പങ്ക് വലുതാണെന്ന് പറയുകയാണ് സംവിധായകന് ഫാസില്‍. ‘‘ആർട്ടിസ്റ്റില്ലാതെ എനിക്ക് കോസ്റ്റ്യൂമിനെ കുറിച്ചൊരു ചിന്തയുമില്ല. ഫസ്റ്റ് പ്രിഫറൻസ് അവരാണല്ലോ, അവരാണല്ലോ അത് ധരിക്കേണ്ടത്. ആർട്ടിസ്റ്റുകളുമായിട്ടാണ് എന്റെ കമ്മ്യൂണിക്കേഷൻ, നോക്കെത്താദൂരത്തിലെ ഓരോ ഡ്രസ്സും ഞാൻ നദിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്താണ് തീരുമാനിച്ചത്. അതു പോലെ തന്നെ സൂര്യപുത്രിയിലേതും, അമലയുമായി സംസാരിച്ചാണ് ഓരോ ഡ്രസ്സിലേക്കും എത്തിയത്.
വസ്ത്രാലങ്കാരത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ചലഞ്ച് കൊടുത്തിട്ടുള്ളത് നടി ശോഭനയ്ക്കാണ്. ‘മണിചിത്രത്താഴി’ലെ ഗംഗ എന്ന കഥാപാത്രത്തിന്റെ വേഷങ്ങളെ സംബന്ധിച്ചായിരുന്നു അത്. ഗംഗ കൂടുതൽ സമയവും സാരിയും ബ്ലൗസും ധരിക്കുന്ന ആളാണ്, പാട്ടിനിടെ ഒന്നു രണ്ടിടത്ത് ചുരിദാർ ധരിക്കുന്നുണ്ട്. പിന്നെ നാഗവല്ലിയായി മാറുന്ന കോസ്റ്റ്യൂം. ഇതില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.
ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാൻ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാൻ ബാംഗ്ലൂർ പോവുകയാണ് എന്നു പറഞ്ഞു. ബാംഗ്ലൂരിൽ സാരിയുടെ നല്ല സെലക്ഷൻ കാണും, അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീർച്ചയായും എടുക്കണം എന്നു ഞാൻ പറഞ്ഞപ്പോൾ സാറിന്റെ മനസ്സിൽ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നു ചോദിച്ചു. ‘വളരെ സിമ്പിൾ ആയിരിക്കണം, തൊട്ടടുത്ത കടയിൽ പോയാൽ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാൽ നൂറു കടകളിൽ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത്...’ എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു...’’ ഫാസില്‍ പറയുന്നു.
പ്രമേയത്തിലും മേക്കിംഗിലുമൊക്കെ പരീക്ഷണങ്ങൾ കാട്ടാന്‍ മടിയില്ലാത്ത സംവിധായകരിൽ ഒരാൾ കൂടിയാണ് ഫാസിൽ. വ്യത്യസ്തമായ പ്രമേയങ്ങള്‍ നിറഞ്ഞ, അമ്പരപ്പിക്കുന്നതു പോലുള്ള ഒരു ഫിലിമോഗ്രാഫി സ്വന്തമായിട്ടുള്ള ഫാസില്‍ പ്രേക്ഷകര്‍ക്ക് നല്കുന്ന ആസ്വാദനവും വൈകാരിക തലങ്ങളും എടുത്തു പറയേണ്ടതാണ്. അതു മാത്രമല്ല സംഗീതത്തിന്റെ ലോകത്തും ഫാഷന്റെ ലോകത്തുമൊക്കെ ഫാസില്‍ ടച്ചുകള്‍ ഒരുപാടുണ്ട്. തന്റെ ഓരോ ചിത്രങ്ങളിലും ഏറ്റവും ട്രെൻഡിയായ കോസ്റ്റ്യൂമുകൾ പരിചയപ്പെടുത്താറുള്ള ഫാസില്‍ കേരളത്തിന്റെ ഫാഷന്റെ ലോകത്ത് ട്രെൻഡുകൾ തീർത്തിട്ടുണ്ട്. ‘നോക്കെത്താദൂര’ത്തിലെ നദിയയുടെയും ‘എന്റെ സൂര്യപുത്രി’യിലെ അമലയുടെയും ‘മണിച്ചിത്രത്താഴി’ലെ ശോഭനയുടെയും ‘അനിയത്തിപ്രാവിലെ’ ശാലിനിയുടെയുമെല്ലാം കോസ്റ്റ്യൂമുകൾ ഒരുകാലത്ത് ക്യാമ്പസുകളിലും ചെറുപ്പക്കാർക്കുമിടയിലുമൊക്കെ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്.






