
ഇറ്റലി ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ. ഇടതുപക്ഷ അനുഭാവിയായ സാറ തീവ്രവലതുപക്ഷ സ്ഥാനാർത്ഥിയെ മറികടന്നാണ് ജയിച്ചത്. ഇറ്റാലിയൻ നഗരത്തിൽ 60 ശതമാനം വോട്ടുകൾ നേടി ആദ്യമായാണ് ഒരു സ്ത്രീ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. എതിർ പക്ഷത്തുണ്ടായിരുന്ന സ്ഥാനാർത്ഥിക്ക് 39 ശതമാനം വോട്ടുകളാണ് നേടാനായത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് അഞ്ച് സീറ്റുകളാണ് നേടാനായത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഫ്ലോറൻസിന്റെ മേയറാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സാറ പ്രതികരിച്ചു. മുത്തച്ഛൻ പിയറോ ബർഗെല്ലിനിക്കാണ് സാറ തന്റെ വിജയം സമർപ്പിച്ചിരിക്കുന്നത്. 1966 ലെ പ്രളയ കാലത്തെ ഫ്ലോറൻസ് മേയറായിരുന്നു സാറയുടെ മുത്തച്ഛൻ. പ്രളയത്തിൽ സാരമായ കേടുപാടുകളുണ്ടായ നഗരത്തെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ പിയറോ നടത്തിയ പ്രയത്നങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു വോട്ടെടുപ്പ് നടന്നത്. സാറയുടെ വിജയത്തോടെ ഫ്ലോറൻസ് ഇടതുപക്ഷ പാർട്ടി നിലനിർത്തുകയാണ് ചെയ്തത്. ഫ്ലോറൻസ് കൂടാതെ ബെർഗാമോ, ലൊബാർഡ്, ബാരി. പഗ്ലിയ എന്നിവിടങ്ങളും ഇടതു പക്ഷം അധികാരം നിലനിർത്തി.







Comments