
മലയാള പിന്നണിഗാന രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ആളാണ് സിതാര കൃഷ്ണകുമാർ. പാട്ടുപാടാൻ മാത്രമല്ല സിതാരയുടെ ഡാൻസിനും ആരാധകർ ഏറെയാണ്. സ്വന്തമായി ഒരു ബാൻഡ് ട്രൂപ്പ് കൂടിയുള്ള സിതാര മലയാളത്തില്‍ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. മലയാളത്തിലുള്ള മിക്ക ഗായകരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും സിതാര മുന്നിലാണ്. അക്കൂട്ടത്തില്‍ പ്രധാന വ്യക്തിയാണ് ഗായകന് വിധു പ്രതാപ്. വിധുവിന്റെ കുടുംബമായിട്ടും സിതാരയ്ക്ക് നല്ല അടുപ്പമാണ്.
ഇന്ന് സിതാരയുടെ ജന്മദിനമാണ്. ഇപ്പോഴിതാ സിതാരയുടെ ഏറ്റവുമടുത്ത സുഹൃത്തായ വിധു പ്രതാപ് പങ്കിട്ട ആശംസകുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘‘കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നേ കാണാൻ അത്ര പോരാ.. തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ...’’ എന്നാണ് രസകരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ഒരുമിച്ചുള്ള ചിത്രത്തിനു പകരം ടിവിയില്‍ സിതാര നൃത്തം ചെയ്യുന്ന രംഗം പോസടിച്ച് അതിനു മുന്നില്‍ അതേ ചുവട് അനുകരിച്ച് നില്ക്കുന്ന വിധു പ്രതാപിനെയാണ് ചിത്രത്തില്‍ കാണുന്നത്. ‘ലവ് യൂ മൂത്തേ’ എന്ന് സിതാരയിതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
ചിത്രത്തിനു താഴെ ആരാധകരടക്കം രസകരമായ കമന്റുകളും ആശംസകളും കുറിക്കുന്നുണ്ട്. ‘എന്റെ വിധു അണ്ണാ നിങ്ങടെ കൗണ്ടറുകൾ ഒരു രക്ഷേം ഇല്ല. ഇതിലും മികച്ച ‘ബര്‍ത്ത്ഡേ വിഷ്’ സിത്തു ചേച്ചിക്ക് ഇത് വരെ കിട്ടീട്ടുണ്ടാകില്ല. ഇനി കിട്ടാനും പോണില്ല...’’ എന്നായിരുന്നു അതിലൊരു കമന്റ്.






