
ഹത്രാസ്: സ്വയംപ്രഖ്യാപിത ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗത്തിനിടെയിലുണ്ടായ തിക്കിലും തിരക്കിലും ഉത്തര്‍പ്രദേശില്‍ അനേകര്‍ മരണമടഞ്ഞ സംഭവത്തിന് കാരണം അനിയന്ത്രിതമായി വന്ന ജനക്കൂട്ടം. 80,000 പേര്‍ക്ക് അനുവദിച്ച വേദിയില്‍ എത്തിയത് രണ്ടരലക്ഷം പേര്. കാണ്‍പൂര്‍ - കൊല്‍ക്കത്ത ഹൈവേയ്ക്ക് സമീപം വയലിന് അരികിലെ വേദിക്ക് കണക്കിലധികം ആളുകള്‍ എത്തിയത് താങ്ങാന്‍ കഴിയുമായിരുന്നില്ല. സമീപത്തെ വയല്‍ മഴ നനഞ്ഞ് വഴുക്കലായി കിടന്നത് ദുരന്തത്തിന്റെ ആഘാതത്തിന്റെ ശക്തികൂട്ടാനും കാരണമായി.
പ്രഭാഷണം കഴിഞ്ഞു മടങ്ങിയ ബാബയുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണു ശേഖരിക്കാന്‍ ഓടിക്കൂടിയത് വയലിലേക്ക് ആള്ക്കാര് വീഴാന്‍ കാരണമായി. ബാബയ്ക്ക് കടന്നുപോകാന്‍ വഴിയുണ്ടാക്കിയ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആള്‍ക്കാരെ തള്ളിമാറ്റുക കൂടി ചെയ്തപ്പോള്‍ വീണുപോയവര്‍ക്ക് എഴുന്നേല്ക്കാന് കഴിയാതെ പോയി. തിരക്ക് കൂടിയതോടെ ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടായി. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായതായിട്ടാണ് വിവരം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ട്രാക്റുകളിലും ലോറികളിലുമൊക്കെയായിരുന്നു മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇത്രയും വലിയൊരു ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലും ഇല്ലായിരുന്നു. മോര്‍ച്ചറി നിറഞ്ഞതിനാല്‍ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങള്‍ കിടത്തിയരുന്നു. മരിച്ചവരില്‍ 89 ലധികം പേരും ഹത്രാസുകാരായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതീക്ഷിച്ച ആളുകളുടെ എണ്ണം സംഘാടകര്‍ മറച്ചുവച്ചുവെന്നും ട്രാഫിക് മാനേജ്മെന്റ് നിബന്ധനകള്‍ പാലിച്ചില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
സംഘാടകര്‍ ഇരകളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ പ്രധാന തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. സേവാദര്‍ എന്നറിയപ്പെടുന്ന സൂരജ് പാലിന്റെ സഹായികള്‍ വടിയുമായി വരികയും ആള്‍ക്കൂട്ടത്തെ ആള്‍ദൈവത്തിന്റെ അടുത്തേക്ക് വരുന്നത് തടയുകയും ഓടിയെത്തിയ ആളുകള്‍ പരസ്പരം വീണു താഴെയുള്ളവരെ ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, ഈ വമ്പിച്ച സമ്മേളനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ 40 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നും തിക്കിലും തിരക്കിലും പെട്ട് അവരും വീര്പ്പുമുട്ടിയെന്നും പറയുന്നു.






