
ലോകത്തില്‍ കൗതുകമുണര്‍ത്തുന്നതും ഭീതി സൃഷ്ടിക്കുന്നതുമായ ഒട്ടനവധി ദ്വീപുകള്‍ നിലകൊള്ളുന്നുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപിനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. ഇപ്പോഴിതാ 'ട്രിസ്റ്റന്‍ ഡ കുന' എന്നറിയപ്പെടുന്ന ഈ ദ്വീപിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നാസ. നാസയുടെ ലാന്‍ഡ്സാറ്റ് 9 എന്ന ഉപഗ്രഹമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2021 ല്‍ യുഎസിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് വിക്ഷപിച്ചതാണ് ഈ ഉപഗ്രഹം.
ദ്വീപിന്റെ ആകാശദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. ട്രിസ്റ്റന്‍ ഡ കുനയ്ക്കൊപ്പം മനുഷ്യവാസമില്ലാത്ത ഗൗ ഐലന്‍ഡ് നൈറ്റിന്‍ഗേല്‍ ഐലന്‍ഡ് എന്നീ ദ്വീപുകളുടെ ആകാശദൃശ്യങ്ങളും ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ വൃത്താകൃതിയിലുള്ള ദ്വീപില്‍ ഒരു കൊടുമുടി സ്ഥിതി ചെയ്യുന്നതും കാണാം. തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തെക്കേ മുനമ്പുകള്‍ക്കിടയില്‍ ഏകദേശം മധ്യഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഒരു ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ട്രിസ്റ്റന്‍. മനുഷ്യരെക്കാള്‍ കൂടുതല്‍ കടല്‍പ്പക്ഷികള്‍ ചേക്കേറുന്നയിടമെന്നാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പില്‍ നാസയുടെ വിശേഷണം.
കട്ടിപച്ചനിറത്തില്‍ കടല്‍സസ്യങ്ങള്‍ ഈ ദ്വീപിനു ചുറ്റും വളരുന്നുണ്ട്. ഈ ദ്വീപില്‍ എയര്‍പോര്‍ട്ടോ എയര്‍ഫീല്‍ഡോ ഇല്ല. അതിനാല്‍ തന്നെ ഇങ്ങോട്ടേക്ക് എത്താനായി ദക്ഷിണാഫ്രിക്കയില്‍ നിന്നു കപ്പല്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിവരും. ഏഴു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ യാത്ര. പോര്‍ച്ചുഗീസ് നാവികനായ ട്രിസ്റ്റോ ഡ കുനായാണ് ഈ ദ്വീപുകള്‍ ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയത്.1506ല്‍ ആയിരുന്നു ഇത്. ഇന്ന് ബ്രിട്ടന്റെ അധീനതയിലാണ് ഈ ദ്വീപ്. 243 പേര് ഇവിടെ താമസിക്കുന്നുണ്ടെന്ന് 2021ലെ സെന്‍സസില്‍ പറയുന്നു.






