
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ പ്രശസ്ത പാട്ടുകാരന് ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെത്തി. വെളളിയാഴ്ചയാണ് ബീബറിന്റെ സംഗീതപരിപാടി. ഗായകന് മുംബൈയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉയര്‍ന്നു.
ജസ്റ്റിന്റെ കാര്‍ മുംബൈയില്‍ കണ്ട നിലയിലുള്ള പോസ്റ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയില്‍ നടക്കുന്ന അനന്തിന്റെയും രാധികയുടെയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അഡേല്‍, ഡ്രേക്ക്, ലാന ഡെല്‍ റേ എന്നിവരും അംബാനിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ഇന്ത്യ ടുഡേ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു പോര്‍ച്ചുഗീസ് പോര്‍ട്ടലായ ലിയോ ഡയസിലെ റിപ്പോര്‍ട്ട് അനുസരിച്ച് പരിപാടിക്ക് ജസ്റ്റിന് ബീബര്‍ അംബാനി കുടുംബത്തില്‍ നിന്നും 10 മില്യണ്‍ ഡോളറാണ് പ്രതിഫലം വാങ്ങുന്നത്.
ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ വച്ചാണ് അനന്തും രാധികയും വിവാഹിതരാകുന്നത്. നേരത്തേ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിഹാന സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. വിവാഹത്തിന് വസതി പൂര്‍ണമായും അലങ്കരിച്ച നിലയിലായിരുന്നു. ചുവപ്പ്, പിങ്ക്, ഓറഞ്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉടനീളം സ്വര്‍ണ്ണ വിളക്കുകളും സ്ഥാപിച്ചു. അനന്തിന്റെയും രാധികയുടെയും കാരിക്കേച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്.






