
വ്യത്യസ്ത സംസാര ശൈലിയിലൂടെയും നൈസർഗ്ഗികമായ അഭിനയസിദ്ധിയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. ആ ചിരിമുഖം മറഞ്ഞിട്ട് 24 വർഷങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മരണമില്ലാത്ത ഓർമയായി പപ്പു ഇന്നും ജീവിക്കുന്നു. മോഹൻലാലിനെ സംബന്ധിച്ചും പപ്പു ജേഷ്ഠ സഹോദരനു തുല്യമായ സാന്നിധ്യമായിരുന്നു. കുതിരവട്ടം പപ്പുവുമായുള്ള ഓര്‍മ്മകള്‍ ഒരിക്കൽ മോഹൻലാൽ കുറിപ്പായി പങ്കുവച്ചിരുന്നു, ആ കുറിപ്പിലുണ്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം.
ഇപ്പോഴിതാ, ഒരു ചേട്ടനെ പോലെ എന്നും തന്നെ ചേർത്തുപിടിച്ച പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബിനു പപ്പു തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
ബിനു പപ്പുവും മോഹൻലാലും ഒന്നിച്ചുള്ള ഒരു ത്രോബാക്ക് ചിത്രവും ശ്രദ്ധ നേടുന്നുണ്ട്. 1994ൽ എടുത്തതാണ് ഈ ചിത്രം. "മൂന്നു പതിറ്റാണ്ടുകൾ കടന്നു പോയി. എന്നിട്ടും പുതുമ അവശേഷിക്കുന്നു," എന്നാണ് ബിനു പപ്പു ഫാൻസ് പേജിൽ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിന്റെ അടിക്കുറിപ്പ്.
ബിനുവുമൊത്തുളള മോഹന്‍ലാലിന്റെ ചിത്രം വൈറലായതോടെ പപ്പുവും മോഹന്ലാലുമുളള പഴയകാല ചിത്രവും ഇതിനൊപ്പം ആരാധകര്‍ ഓര്ത്തെടുക്കുന്നുണ്ടയിരുന്നു.
പപ്പുവിനെ പോലെ തന്നെ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ബിനു പപ്പുവും. ഓപ്പറേഷൻ ജാവ, വൺ, ലൂസിഫർ, ഭീമന്റെ വഴി, സൗദി വെള്ളയ്ക്ക, അയൽവാശി, ജേർണി ഓഫ് ലവ് 18 പ്ലസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയമാണ് ബിനു കാഴ്ച വച്ചത്.






