
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ യോഗത്തില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി തര്‍ക്കം. കാനം പക്ഷവും മറുവിഭാഗവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പി.പി.സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ വിമര്‍ശിച്ച് വി.എസ്. സുനില്‍ക്കുമാറും സുനില്‍ക്കുമാറിനെ വിമര്‍ശിച്ച് പഴയ കാനംപക്ഷവും രംഗത്ത് വന്നതോടെ സിപിഐ സംസ്ഥാന കൗണ്‍സില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു.
പി.പി.സുനീര്‍ ചെറുപ്പമാണെന്നും ഇനിയും അദ്ദേഹത്തിന് സമയമുണ്ടായിരുന്നു എന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരാളെ അയയ്ക്കുകയായിരുന്നു ഉചിതമെന്ന വി.എസ്. സുനില്‍കുമാറിന്റെ അഭിപ്രായത്തിന്റെ ചുവടുപിടിച്ചായിരുന്നു തര്‍ക്കം. കാനം വിരുദ്ധപക്ഷം ഇത് ഏറ്റെടുക്കുകയും ചൂടേറിയ ചര്‍ച്ചയാക്കി മാറ്റുകയും ചെയ്തു. പി.പി. സുനിറിനെ ഇവര്‍ ഒന്നായി ചേര്‍ന്ന് ആക്രമിച്ചതോടെ കാനം പക്ഷം തിരിച്ചടിച്ചു.
40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ സുനില്‍കുമാറിനെ പരിഹസിച്ചു. ആറ് തവണ എംഎല്‍എ ആയ ആള് ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചപ്പോള്‍ കയ്യടിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്റെ പ്രതികരണം. കെ ഇ ഇസ്മയിലിനെയും എം പി അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്‍ശനം.
ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവരൊക്കെ നമ്മളെ എത്ര സ്നേഹിക്കുന്നു മനസിലായെന്നതാണ് ഈ ചര്‍ച്ച കൊണ്ട് ഉണ്ടായ പ്രയോജനമെന്നും ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും സുനീര്‍ മറുപടി പറഞ്ഞു.




