
കട്ടപ്പന: ആഭിചാരത്തിനായി കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന നെല്ലിപ്പള്ളില്‍ വിജയന്, മകളുടെ നവജാത ശിശു എന്നിവരുടെ കൊലപാതകം, രണ്ടു പീഡനക്കേസുകള്‍, രണ്ടു മോഷണക്കേസുകള്‍ എന്നിങ്ങനെ മുഖ്യപ്രതി പുത്തന്‍പുരയ്ക്കല്‍ നിതീഷിനെതിരേ ആറു കേസുകളില്‍ ഉള്‍പ്പെടെ ഏഴു കുറ്റപത്രങ്ങളാണു പോലീസ് സമര്‍പ്പിച്ചത്.
വിജയന്റെ മകന് വിഷ്ണുവിനെ ഒപ്പംകൂട്ടി കട്ടപ്പനയിലെ വര്‍ക്ഷോപ്പില്‍ നടത്തിയ മോഷണത്തിനിടെ ഇരുവരും പിടിയിലായതാണു കേസുകള്‍ പുറത്തറിയാന്‍ കാരണമായത്. മോഷണശ്രമത്തിനിടെ വര്‍ക്ഷോപ്പ് ഉടമയുടെ മകന് ഉള്‍പ്പെടെയുള്ളവരുമായുണ്ടായ അടിപിടിയില്‍ വിഷ്ണുവിന്റെ കാലൊടിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടമയുടെ മകന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കൊലപാതകക്കേസുകളില്‍ നിതീഷിനൊപ്പം ആദ്യം പ്രതിചേര്‍ത്തിരുന്ന, വിജയന്റെ ഭാര്യ സുമയെയും മകന് വിഷ്ണുവിനെയും മാപ്പുസാക്ഷി യാക്കി യിട്ടുണ്ടെന്നാണു വിവരം. മാര്‍ച്ച് രണ്ടിനാണ് നഗരത്തില്‍ മോഷണത്തിനിടെ നിതീഷും വിഷ്ണുവും പിടിയിലായത്. ചോദ്യംചെയ്യലില്‍ കൊലപാതക ങ്ങളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. രണ്ടു കൊലപാതകങ്ങള്‍ നടത്തിയതായാണു വിവരം. കക്കാട്ടുകടയില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ തറ പൊളിച്ചു നടത്തിയ പരിശോധനയില്‍ വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല.






