
കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് സന്ദര്‍ശനം നടത്തും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് മണ്ണിടിച്ചിലും ചര്‍ച്ച ചെയ്യും. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും പ്രഖ്യാപിച്ചേക്കും. കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്മോല് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്. ഹിമാല്‍പ്രദേശ് സ്വദേശികളായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, എഞ്ചിനീയര്‍ രാഹുല്‍, എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍, സര്‍വേയര്‍മാരായ പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുചൈത്, ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന് അന്‍സാരി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്.
മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. 47 കുടുംബങ്ങളെയാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. മേപ്പാടി പോളിടെക്നിക് കോളേജിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 140 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ എ പി അനില്‍കുമാര്‍, ടി സിദ്ദിഖ് എന്നിവര്‍ ഇന്ന് ക്യാമ്പുകള്‍ സന്ദര്‍ശിച്ചേക്കും.
അതേസമയം കള്ളാടിയിലെ മണ്ണിടിച്ചിലില്‍ ദുരന്തത്തിന്റെ ആഘാതം കൂടാന്‍ കാരണം കരാര്‍ കമ്പനിയുടെ വീഴ്ച്ചയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കണമെന്ന ഉത്തരവ് പാലിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. അപകട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ ജൂണ്‍ മാസത്തില്‍ തന്നെ ഉത്തരവിറക്കിയിരുന്നതാണ്. എന്നാല്‍ പാലിച്ചില്ല. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.






