
മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന് കനത്ത തിരിച്ചടിയുടെ കാലം. ലോക്സഭാ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഭീഷണിയും. പ്രധാനപ്പെട്ട നേതാവടക്കം നാല് പേർ രാജിവെച്ചു. പാർട്ടി വിട്ടുപോയ നേതാക്കൾക് തിരിച്ചുവരാൻ അവസരമുണ്ടെന്ന ശരത് പവാറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് രാജി വന്നത് എന്നതും ശ്രദ്ധേയമാണ്.
പിംപ്രി - ചിഞ്ച് വാഡ് ഘടകത്തിന്റെ പ്രസിഡന്റ് അജിത് ഗഹ്വാനെ, യുവജനവിഭാഗം തലവൻ യഷ് സാനെ അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. നേരത്തെ ഈ മേഖലയിലെ പതിനാറോളം അജിത് പക്ഷ നേതാക്കൾ ശരത് പവറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവരിൽ കഴിഞ്ഞ ദിവസം രാജിവെച്ച പ്രസിഡന്റ് അജിത് ഗഹ്വാനെയടക്കം ഉണ്ടായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പിംപ്രി - ചിഞ്ച് വാഡ് മേഖല അജിത്പവാര്‍ വിഭാഗത്തിന് സ്വാധീനമുള്ള ഇടമാണ്.
പാര്‍ട്ടിവിട്ടവര്‍ ഈ മാസം 20 ന് ശരദ് പവാറിന്റെ സാന്നിധ്യത്തിൽ തന്നെ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടപ്പോള്‍ തന്നെ ഉയര്‍ന്ന മുറുമുറുപ്പിന് ഇപ്പോള്‍ ആഘാതം കൂടിയിരിക്കുകയാണ്. സ്വന്തം മുന്നണിയുടെ ഉള്ളില്‍ നിന്ന് പോലും വിമർശനങ്ങളേൽക്കേണ്ടിവരുന്ന അജിത് പവാർ പക്ഷത്തിന് വലിയ ആഘാതമായിരിക്കുകയാണ് നേതാക്കളുടെ രാജി.






