
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ മൂന്നു പ്രതികളും ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി. ഫാ.ജോസ് പുതൃക്കയില്‍, ഫാ. തോമസ് കോട്ടൂര്‍, സി.സ്റ്റെഫി എന്നിവരാണ് കോടതിയില്‍ എത്തിയത്. മുന്‍പ് ഏഴു തവണയും കോടതി കേസ് പരിഗണിച്ചപ്പോള്‍ ഇവര്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് കോടതി വിമര്‍ശനവുമുന്നയിച്ചിരുന്നു. കേസ് മാര്‍ച്ച് 14ന് വീണ്ടും പരിഗണിക്കും.
ഒന്നരവര്‍ഷമായി കേസിന്റെ വിചാരണ സി.ബി.ഐ കോടതിയില്‍ നടക്കുകയാണ്. എല്ലാ മാസവും വിചാരണ സമയത്ത് പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരാകുന്നില്ലെന്ന കാര്യം സി.ബി.ഐ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് സി.അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവിധ ഏജന്‍സികള്‍ അന്വേഷിച്ച കേസ് ഒടുവില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സമരത്തെ തുടര്‍ന്ന് 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 2008ലാണ് പ്രതികള്‍ അറസ്റ്റിലായത്. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.






