
പട്ന: മൂന്നാം മോദി സര്‍ക്കാരിന്റെ എന്‍ഡിഎ മുന്നണിയിലെ ഏറ്റവും പ്രധാനികളായ ജെഡിയുവിന് ബജറ്റില്‍ വാരിക്കോരിയാണ് പ്രഖ്യാപനം നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുങ്ങി. യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് എത്തിയത് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ആയിരുന്നു. നിതീഷ് കുമാര്‍ വിട്ടുനിന്നതിന്റെ കാരണം പുറത്തുവന്നിട്ടില്ല.
അതേസമയം നിതീഷ് നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ഇത് ആദ്യമായല്ല എന്നാണ് ബീഹാര്‍ പ്രതിനിധികളുടെ ന്യായീകരണം. നേരത്തെയും മുഖ്യമന്ത്രിമാരുടെ യോഗം നിതീഷ് ഒഴിവാക്കിയിട്ടുണ്ട്്. അന്നും ബീഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. യോഗം ജെഡിയു വക്താവ് നീരജ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കൂടാതെ, ബിഹാറില്‍ നിന്നുള്ള നാല് കേന്ദ്ര മന്ത്രിമാരും ആയോഗില്‍ അംഗങ്ങളാണെന്നും അവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യാ മുന്നണിയിലെ ഏഴു മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്ക്കരിച്ചത്. എന്‍ഡിഎ സര്‍ക്കാരിന്റെ സഖ്യകക്ഷികള്‍ ഭരിക്കുന്ന ബീഹാറിനും ആന്ധ്രയ്ക്കും ബജറ്റില്‍ കൂടുതല്‍ പരിഗണന കാണിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണന കാട്ടിയെന്നും ആരോപിച്ചായിരുന്നു ഇവര്‍ വിട്ടു നിന്നത്. എന്നാല്‍ ഇന്ത്യാ സഖ്യത്തില്‍ ഉണ്ടായിരുന്ന മമതാബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുകയും സംസാരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നും ആരോപിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം 'വിക്ഷിത് ഭാരത് 2047' രേഖ ചര്‍ച്ച ചെയ്തു. നിതി ആയോഗിന്റെ പ്രീമിയര്‍ ബോഡിയായ കൗണ്‍സിലില്‍ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദിയാണ് നീതി ആയോഗിന്റെ ചെയര്മാന്.






