
തിരുവനന്തപുരം: വർക്കലയിൽ 19 വയസ്സുകാരിയായ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റാത്തിക്കൽ സ്വദേശിനി നാസിയയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നാസിയയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.
രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് അൻസർ ജോലിക്കായി ഗൾഫിലേക്ക് മടങ്ങിയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തിൽ വർക്കല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






