
ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് പിടികൂടി. നഴ്സിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ പിന്തുടര്ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
33കാരിയായ യുവതി നൈനിതാളിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു . ഉദംസിംഗ് നഗറിലെ ബിലാസ്പൂർ കോളനിയിലാണ് ഇവര് താമസിച്ചിരുന്നത്. ജൂലൈ 30 ന് ചൊവ്വാഴ്ച സഹോദരി വീട്ടിൽ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരൻ ജൂലൈ 31 ന് പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം ദിബ്ദിബയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. പോലീസ് പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി ധർമേന്ദ്ര സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഒറ്റപ്പെട്ട പ്രദേശത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും പണവുമായി ഇയാൾ ഉത്തരാഖണ്ഡിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.






