
തിരുവനന്തപുരം: നടി രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടിയുടെ ആവശ്യം അംഗീകരിച്ച് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരില്ലെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് നടി തടസവാദവുമായി കോടതിയെ സമീപിച്ചത്. രഞ്ജിനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. 300 പേജുകളുള്ള റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പലതവണ ഡബ്ല്യുസിസി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകുകയായിരുന്നു.
ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.






